തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലത്തൂര്‍ സ്വദേശി സുരേഷാണ് (മധു) പിടിയിലായത്. ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കൈമാറിയിട്ടുണ്ട്.
തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നുപിടിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി.
വ്ളോഗറായ വിദേശ വനിത തൃശൂര്‍ പൂരത്തിന്റെ പ്രതികരണം ആളുകളില്‍ നിന്നും തേടുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.
2024 ഏറ്റവും മികച്ച അനുഭവമെന്ന തരത്തില്‍ യുവാക്കള്‍ പാട്ടുപാടുന്നതിന്റെ വീഡിയോയും ഏറ്റവും മോശം അനുഭവമെന്ന തരത്തില്‍ മറ്റൊരു വീഡിയോയുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ഇട്ടത്.
ഇതില്‍ ഏറ്റവും മോശം അനുഭവമെന്ന് പറഞ്ഞുള്ള വീഡിയോയിലാണ് അപമാനിച്ച കാര്യം വെളിപ്പെടുത്തിയത്. ഇയാള്‍ അനുവാദമില്ലാതെ വിദേശ വനിതയെ കടന്നുപിടിക്കുന്നതും ഉമ്മ വയ്ക്കുകയാണെന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്. സംഭാഷണത്തിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെ വിദേശ വനിത തട്ടി മാറ്റുന്നതും വീഡിയോയില്‍ കാണാം.