ഇറ്റാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനും വേശ്യാവൃത്തിക്കും ഉപയോഗിച്ച കേസിന് പിന്നില്‍ പൊലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. കേസുമായി ബന്ധപ്പെട്ട് 21 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൊലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 10- 15 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസിലാണ് നടപടി.
10, 12 വയസുള്ള ഓരോ പെണ്‍കുട്ടികളും 15 വയസുള്ള മൂന്ന് പെണ്‍കുട്ടികളുമാണ് സംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇവരെ കഴിഞ്ഞ 10 ദിവസത്തിനിടെ തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തും നടന്ന പരിശോധനയുടെ ഭാഗമായി പൊലീസ് രക്ഷപ്പെടുത്തി. അഞ്ച് പെണ്‍കുട്ടികളും അസമിലെ ഗ്രാമങ്ങളില്‍ നിന്ന് ഇറ്റാഗറിലേക്ക് കടത്തിയവരാണ്. ഇവരില്‍ ആദ്യ രണ്ടുപേര്‍ 8 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഇറ്റാനഗറിലേക്ക് കടത്തപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസില്‍ ഡിവൈഎസ്പി, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറകടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. കേസില്‍ പോക്‌സോ ആക്ട് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റിലായ 21 പേരില്‍ 10 പേര്‍ക്കെതിരെ പെണ്‍കുട്ടികളെ കടത്തല്‍, ഇടപാടുകാരെ കണ്ടെത്തല്‍, ഇരകളെ ഇടപാടുകാരുടെ അടുത്തേക്ക് കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മറ്റ് 11 പേര്‍ ഇരകളെ ലൈംഗികമായി പീഡിപ്പിച്ചവരാണ്. ഇവരില്‍ അരുണാചല്‍ പൊലീസിലെ ഡെപ്യൂട്ടി എസ്പിയായ ബുലന്ദ് മാരിക്, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സെന്‍ലാര്‍ റോന്‍യ, അരുണാചല്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ ടോയ് ബഗ്ര, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയറായ തകം ലാംഗ്ഡിപ്, റൂറല്‍ വര്‍ക്ക്‌സ് വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ മിച്ചി ടാബിന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.