ഗുവാഹത്തി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് 5 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി. തോൽവിയോടെ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.പ്ലേ ഓഫ് നേരത്തെ തന്നെ ഉറപ്പിച്ച രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനം ഉറപ്പിച്ചു. പഞ്ചാബ് പ്ലേഓഫ് കാണാതെ നേരത്തേ തന്നെ പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെ നേടാനായാള്ളൂ. മറുപടിക്കിറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ടെങ്കിലും ക്യാപ്ടന്റെ ഇന്നിംഗ്സുമായി പതറാതെ പൊരുതിയ സാം കറന്റെ (പുറത്താകാതെ 41 പന്തിൽ 63) ബാറ്റിംഗിന്റെ പിൻബലത്തിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 7 വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (145/5). സാം കറൻ തന്നെയാണ് കളിയിലെ താരം. 5 ഫോറും 3 സിക്സും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പറന്നു. റൈലി റൂസ്സോ (22), ജിതേഷ് ശർമ്മ (22), അഷുതോഷ് ശർമ്മ (പുറത്താകാതെ 17) എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരുഘട്ടത്തിൽ 48/4 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ ജിതേഷിനെ കൂട്ടുപിടിച്ച് കറൻ കരകയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 46 പന്തിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
രാജസ്ഥാനായി യൂസ്വേന്ദ്ര ചഹലും ആവേശ് ഖാനും 2 വിക്കറ്റ് വീതംവീഴ്ത്തി.
അസമിലെ ബരസ്പര സ്റ്റേഡിയം വേദിയായ മത്സരത്തിൽ 34 പന്തിൽ 48 റൺസ് നേടിയ ലോക്കൽ ബോയ് റിയാൻ പരാഗിന് മാത്രമേ രാജസ്ഥാൻ നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.
ആർ. അശ്വിൻ (19 പന്തിൽ 28) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പഞ്ചാബിനായി രാഹുൽ ചഹർ, ഹർഷൽ പട്ടേൽ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. നാട്ടിലേക്ക് മടങ്ങിയ ഓപ്പണർ ജോസ് ബട്ട്ലർക്ക് പകരം ടോം കോഹ്ലർ-കാഡ്മോറാണ് (23 പന്തിൽ 18) യശ്വസി ജയ്സ്വാളിനൊപ്പം (4) രാജസ്ഥാന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
ആദ്യ ഓവറിൽ തന്നെ പഞ്ചബ് ക്യാപ്ടൻ സാം കറൻ ജയ്സ്വാളിനെ ക്ലീൻബൗൾഡാക്കി. പിന്നീട് സഞ്ജുവും (18) കാഡ്മോറും അൽപ നേരം പിടിച്ചു നിന്നെങ്കിലും സ്കോറിംഗിൽ വേഗത കൂട്ടാനായില്ല. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ നാഥാൻ എല്ലിസിന്റെ ഷോട്ട് പിച്ച് പന്തിൽ കട്ട് ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ പോയിന്റിൽ രാഹുൽ ചഹർ പിടികൂടി. ധ്രുവ് ജുറൽ (0), റോവ്മാൻ പവൽ (4) ഡൊണാവൻ ഫെരേരിയ (7) എന്നിവരെല്ലാം നിരാശപ്പെടുത്തി.