നാലുവർഷ ബിരുദം : ഓറിയന്റേഷൻ 16ന്
തിരുവനന്തപുരം: കോളേജുകളിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങൾക്കും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവബോധം നൽകാൻ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 16ന് രാവിലെ 10ന് മന്ത്രി ബിന്ദു പട്ടം സെന്റ്‌മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി നിർവ്വഹിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളും പങ്കെടുക്കും.
ക്യാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
കൊച്ചി: കുസാറ്റ് പൊതുപ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ വെബ്‌സൈറ്റിൽ പ്രൊഫൈലിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: admissions.cusat.ac.in. 46098 പേരാണ് പരീക്ഷയെഴുതിയത്.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
അഞ്ചാം സെമസ്റ്റർ (2017 മുതൽ 2019 വരെ പ്രവേശനം) എം.സി.എ ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 10ന് തുടങ്ങും.
മൂന്ന്, ഏഴ് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (ഹോണേഴ്സ്) നവംബർ 2023, ഏപ്രിൽ 2024 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിനും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും.
പരീക്ഷാഫലം
എസ്.ഡി.ഇ ഒന്നാം വർഷ (2017 പ്രവേശനം) എം.എ.ഹിസ്റ്ററി സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
എം.എ. മ്യൂസിക് (സി.സി.എസ്.എസ്) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2020, 2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്‌സി./ബി കോം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ബി.എച്ച്.എം/ ബി.എച്ച്.എം.സി.റ്റി ജൂൺ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ.(ഫുൾ ടൈം) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു. കൗൺസിലിംഗ് 24ന് കാര്യവട്ടത്ത് നടത്തും. വെബ്സൈറ്റ്- www.admissions.keralauniversity.ac.in
നാലുവർഷ ബിരുദം: അദ്ധ്യാപകരുടെ ജോലി ഭാരം കൂട്ടില്ല
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സ് ആരംഭിക്കുമ്പോൾ നിലവിലെ മൂന്നു വർഷത്തെ ജോലിഭാരം നാലു വർഷത്തേക്ക് വ്യാപിപ്പിക്കില്ലെന്ന് മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. ജോലിഭാരം സംബന്ധിച്ച ആശങ്കകൾ മന്ത്രി വിളിച്ച യോഗത്തിൽ അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു. നാലുവർഷത്തേക്ക് നിലവിലെ ഗസ്റ്റ് അദ്ധ്യാപകരുടേതടക്കം വർക്ക് ലോഡ് സംരക്ഷിക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ഗസ്റ്റ് അദ്ധ്യാപക നിയമനം ടേം അടിസ്ഥാനത്തിലാക്കുന്നത് പരിഗണിക്കും. യോഗ്യരായ അദ്ധ്യാപകർക്ക് ഗൈഡ് ഷിപ്പ് നൽകും. അദ്ധ്യാപകർക്ക് പരിശീലനം നൽകും. കോളേജുകളിൽ കോഴ്സ് ബാസ്കറ്റ് ഉടൻ പ്രസിദ്ധീകരിക്കാനും യോഗത്തിൽ ധാരണയായി.
നാലുവർഷ കോഴ്സിന് അദ്ധ്യാപകർ പിന്തുണയറിയിച്ചതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. ജൂലായ് ഒന്നിനാണ് കോഴ്സ് തുടങ്ങുക. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകും. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനദ്ധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കും.
ലേബർ ഫെഡിൽ 10ലക്ഷത്തിന്റെ ഇൻഷ്വറൻസ്
തിരുവനന്തപുരം: ലേബർ ഫെഡ് തൊഴിലാളികൾക്ക് 10ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. 1000 തൊഴിലാളികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 484 രൂപ വാർഷിക പ്രീമിയം ലേബർ ഫെഡും സൊസൈറ്റിയും ചേർന്ന് വഹിക്കും.അപകടമുണ്ടായാൽ 2ലക്ഷം രൂപയുടെ ചികിത്സാസഹായം, മരിച്ചാൽ 10ലക്ഷം രൂപയുടെ കുടുംബസഹായം, പരിക്കേറ്റ് ജോലിക്ക് പോകാൻ കഴിയാതിരുന്നാൽ നൂറ് ആഴ്ചക്കാലം മാസം 2000രൂപ സമാശ്വാസം എന്നിവയാണ് ആനുകൂല്യങ്ങൾ. ആകെ 116.04കോടിയാണ് ഇൻഷ്വറൻസ് മൂല്യം.
സഹകരണ സംഘം രജിസ്ട്രാർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിശീലന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അംഗസംഘങ്ങൾക്കുള്ള ഇൻഷ്വറൻസ് പോളിസി സഹകരണ സെക്രട്ടറി മിനി ആന്റണി വിതരണം ചെയ്തു.
വിസ്മയാമാക്സ് ആനിമേഷൻസിൽ ബി.എസ്.സി ആനിമേഷൻ വിഷ്വൽ എഫക്ട്സ്
തിരുവനന്തപുരം: വിസ്മയാമാക്സ് ആനിമേഷൻസിൽ ബി.എസ്.സി ആനിമേഷൻ വിഷ്വൽ എഫക്ട്സ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്തെ ക്യാമ്പസിൽ മൂന്നുവർഷത്തെ അന്താരാഷ്ട്ര സിലബസിലുള്ള പരിശീലനത്തിന് ഹോസ്റ്റൽ സൗകര്യവും പ്രൊഡക്ഷൻ ഇന്റേൺഷിപ്പ് ട്രെയിനിംഗും വിദ്യാഭ്യാസ വായ്പാ സൗകര്യവുമുണ്ട്. കോഴ്സിലേക്ക് പ്രവേശിക്കാൻ www.vismayasmaxanimations.com സന്ദർശിക്കുക. ഫോൺ 8281702020, 0471-2727456.
സ്കൂൾ പ്രവേശനം: റിപ്പോട്ട് തേടി മന്ത്രി
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചെന്ന രണ്ട് പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. സ്മിതാ ഗിരീഷ്, കീർത്തി എന്നിവരാണ് മക്കളുടെ സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. കുന്നംകുളം എം.ജെ.ഡി സ്‌കൂൾ, തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ എന്നിവയ്‌ക്കെതിരെയാണ് പരാതി.