ipl

ഗുവാഹത്തി: ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 5 വിക്കറ്റുകള്‍ക്കായിരുന്നു കിംഗ്‌സിന്റെ ജയം. അര്‍ദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പഞ്ചാബ് നായകന്‍ സാം കറന്‍ ആണ് രാജസ്ഥാനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 144-9 (20), പഞ്ചാബ് കിംഗ്‌സ് 145-5 (18.5)

145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ പ്രഭ്‌സിംറാന്‍ സിംഗ് 6(4), റൈലി റുസോവ് 22(13), ശശാങ്ക് സിംഗ് 0(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എട്ടാം ഓവറില്‍ ജോണി ബെയ്‌സ്‌റ്റോ 14(22) കൂടി മടങ്ങിയതോടെ 48-4 എന്ന നിലയില്‍ പഞ്ചാബ് അപകടം മണത്തു.

അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മ 22(20), ക്യാപ്റ്റന്‍ സാം കറന് 63*(41) മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്‌കോര്‍ 100 കടന്നു. അഞ്ചാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. പിന്നീട് അഷുതോഷ് ശര്‍മ്മ 17*(11) നായകനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്‌വാളിനെ 4(4) നഷ്ടമായി. ബട്‌ലര്‍ക്ക് പകരം ടീമിലെത്തിയ ടോം കോഹ്ലര്‍ കാഡ്‌മോര്‍ 18(23) തിളങ്ങിയില്ല. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണ്‍ 18(15) ഏഴാം ഓവറില്‍ മടങ്ങി. പിന്നീട് റിയാന്‍ പരാഗ് 48(34), രവിചന്ദ്രന്‍ അശ്വിന്‍ 28(19) എന്നിവര്‍ ടീമിനെ കരകയറ്റി.

ധ്രുവ് ജൂരല്‍ 0(1), റോവ്മാന്‍ പവല്‍ 4(5), ഡൊനോവാന്‍ ഫെറെയിറ 7(8) ട്രെന്റ് ബോള്‍ട്ട് 12(9), ആവേശ് ഖാന്‍ 3(2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. പഞ്ചാബിന് വേണ്ടി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിംഗ്, നാഥന്‍ എലീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.