ലക്നൗ: കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലക്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രഖ്യാപനം. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര മോദിയോട് വിടപറയാന്‍ ജനം തയ്യാറായിക്കഴിഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഭരണഘടന മാറ്റും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് കര്‍ണാടകയില്‍ ബി.ജെ.പി പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി നേതാക്കളെ കുറിച്ച് മോദി മൗനം പാലിക്കുകയാണ്. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് വാചാലരാകുന്ന മോദി എന്തുകൊണ്ട് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും ഖാര്‍ഗെ ചോദിച്ചു.
ഉത്തര്‍പ്രദേശിലെ 80ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജൂണ്‍ നാല് മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കും. അഗ്‌നിവീര്‍ പദ്ധതിയെ അംഗീകരിക്കില്ല. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ഉടന്‍ അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കും. കാര്‍ഷികവിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നിയമപരമായ 'ഗ്യാരന്റി'യാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി 'ഗരീബ് കല്യാണ്‍ അന്നയോജന'യ്ക്കുള്ള മറുപടിയാണ് ഖാര്‍ഗെ പ്രഖ്യാപിച്ച സൗജന്യ റേഷന്‍. അന്നയോജന പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ചുകിലോ റേഷനാണ് സൗജന്യമായി ലഭിക്കുക. ഇത് ഇരട്ടിയാക്കിക്കൊണ്ടാണ് ഖാര്‍ഗേയുടെ പ്രഖ്യാപനം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഈ വാഗ്ദാനം നല്‍കിയിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി.