water

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിൽ നന്ദാവനം റോഡിൽ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച രാത്രി 08.00 മണി മുതൽ 17/05/2024 രാവിലെ 08.00 മണി വരെ നന്ദാവനം, ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

അതേസമയം വേനൽമഴ ശക്തമായിട്ടും തലസ്ഥാന ജില്ലയിൽ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്. വർക്കലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ല. രണ്ടാഴ്ചയലേറെയായി വർക്കലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം ലഭിച്ചിട്ട്. നഗരസഭയിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ വെള്ളം ലഭിക്കുന്നില്ല. ജനുവരി പകുതിയോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ. വാട്ടർ കണക്ഷൻ ഇല്ലായിരുന്ന എല്ലാ വീടുകളിലും ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ കണക്ഷനുകൾ നൽകിയെങ്കിലും പല ടാപ്പുകളിലും വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. നേരത്തെ രണ്ട് ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം ലഭിച്ചിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്.

വാമനപുരം നദിയിൽ നീരൊഴുക്ക് കുറഞ്ഞതാണ് പമ്പിംഗ് നിലയ്ക്കാനും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനും കാരണമായത് എന്നാണ് വാട്ടർ അതോറിട്ടി നൽകുന്ന വിശദീകരണം. ടാങ്കറുകളിൽ വെള്ളം എത്തിച്ചുകൊണ്ട് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല.