pepper

കോട്ടയം: കറുത്ത പൊന്നിന്റെ നല്ല കാലം തുടരുമെന്ന് തെളിയിച്ച് കുരുമുളക് വില ഉയരുന്നു. കിലോയ്ക്ക് നാലു രൂപയാണ് കഴിഞ്ഞ ആഴ്ച കൂടിയത്. ഒന്നര മാസത്തിനുള്ളില്‍ 75 രൂപയുടെ വര്‍ദ്ധന. എന്നാല്‍ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ വന്‍കിട കര്‍ഷകരും വ്യാപാരികളും ചരക്ക് പിടിച്ചു വയ്ക്കുന്നത് ഭീഷണിയാണ്.

തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള കുരുമുളകും കേരള വിപണിയിലേക്കു ഒഴുകുകയാണ്. ശ്രീലങ്കയില്‍ വിളവെടുപ്പ് തുടങ്ങി വരുംദിവസങ്ങളില്‍ ഇറക്കുമതി കുരുമുളക് ആഭ്യന്തര വിപണിയില്‍ എത്തിയാല്‍ വില ഇടിയുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.

സുഗന്ധ വ്യഞ്ജനമാക്കി നാലു മാസത്തിനുള്ളില്‍ കയറ്റുമതിചെയ്യുമെന്ന ഉറപ്പിലാണ് കുരുമുളക് ഇറക്കുമതി അനുമതിയെങ്കിലും ലൈസന്‍സികള്‍ പ്രാദേശിക വിപണിയില്‍ വില്‍ക്കുകയാണ്. ഇത് പരിശോധിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ തയ്യാറാകാറുമില്ല.

എരിവ് കൂടുതലുള്ള ഇന്ത്യന്‍ കുരുമുളകിനാണ് അന്താരാഷ്ട വിപണിയില്‍ ഡിമാന്‍ഡും വില കൂടുതലും . 7325 ഡോളര്‍ ഒരു ടണ്‍ ഇന്ത്യന്‍ കുരുമുളകിനുള്ളപ്പോള്‍ ശ്രീലങ്ക 6100,ഇന്ത്യോനേഷ്യ 5000, വിയറ്റ് നാം 4850 ,ബ്രസീല്‍ 4500 എന്നിങ്ങനെ കുറഞ്ഞ നിരക്കാണ്. കയറ്റുമതി നിരക്കു കുറച്ചതോടെ ബ്രസീല്‍ കുരുമുളക് വാങ്ങാന്‍ അമേരിക്ക താത്പര്യം കാട്ടിയാല്‍ ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞേക്കും.

റബര്‍ വില സ്റ്റെഡി

റബറിന് അന്താരാഷ്ട്ര വില കൂടിയിട്ടും ആഭ്യന്തര വില ഇടിക്കാനുള്ള സംഘടിത നീക്കമാണ് ടയര്‍ലോബി നടത്തുന്നതത്രെ. ചൈനയിലെ വില കിലോയ്ക്ക് 160, ജപ്പാന്‍ 165, ബാങ്കോക്ക് 184 എന്നിങ്ങനെ നില്‍ക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബര്‍ ബോര്‍ഡ് വില 180.50ഉം വ്യാപാരി വില 175.50 ലും ആഴ്ചകളായി സ്റ്റെഡിയായി നില്‍ക്കുകയാണ്.

ചോക്ലേറ്റ് വ്യവസായികള്‍ അന്താരാഷ്ട്ര തലത്തില്‍ ചരക്കു സംഭരണത്തില്‍ നിന്നു പിന്‍മാറിയതാണ് കുതിച്ചു കയറിയ കൊക്കോ വില നിലംപൊത്തിയതിന് കാരണം. സംസ്ഥാനത്ത് കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ വിപണിയില്‍ കൂടുതല്‍ കൊക്കോ എത്തുന്നത് വില ഇനിയും ഇടിച്ചേക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. 1070 വരെ ഉയര്‍ന്ന വില 650 രൂപയിലേക്കാണ് താഴ്ന്നത്. വില ഇനിയും ഇടിയുമെന്ന് ഭയന്ന് ചെറുകിട കര്‍ഷകര്‍ പച്ചകൊക്കോ വില്ക്കാന്‍ താത്പര്യം കാട്ടിയതോടെ ഒരാഴ്ച മുമ്പ് 400 രൂപയില്‍ നിന്ന പച്ച കൊക്കോ വിലയും 200-220 രൂപയിലേക്ക് നിലം പൊത്തിയത് ഭീഷണിയാണ്.