kerala

തിരുവനന്തപുരം: ജില്ലയിലെ ക്വാറി മേഖല സ്തംഭിച്ചിട്ട് വര്‍ഷങ്ങളായിട്ടും സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കാത്തതില്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പാറ ഉത്പന്നങ്ങള്‍ വ്യാപകമായി എത്തിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്ന ഈ ലോറികള്‍ നിരവധി അപകടങ്ങള്‍ക്കും കാരണമാകുകയാണ്. നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ ഭാരം കയറ്റി, ചെക്ക് പോസ്റ്റ് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് വാഹനങ്ങള്‍ ജില്ലയില്‍ പ്രവേശിക്കുന്നത്.

എം സാന്റ്, മെറ്റല്‍, പാറപ്പൊടി, കരിങ്കല്ല് എന്നിവയാണ് പ്രധാനമായും എത്തിക്കുന്നത്. തൂത്തുക്കുടി, കന്യാകുമാരി, ശുചീന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ അമരവിള ചെക്ക് പോസ്റ്റ് കയറാതിരിക്കാനായി ഉദയന്‍കുളങ്ങര നിന്ന് പിരയിന്‍മൂട് വഴി ബാലരാമപുരത്തെത്തിയും അമരവിള എത്തുന്നതിനു മുമ്പ് കണ്ണന്‍കുഴി വഴി നെയ്യാറ്റിന്‍കരയിലെത്തിയുമാണ് പോകുന്നത്. ചെക്ക് പോസ്റ്റുകളിലൂടെ അനധികൃതമായി കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ കടത്തുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രശ്‌നത്തില്‍ ടിപ്പര്‍, ജെ.സി.ബി ഓണേഴ്‌സ് അസോസിയേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് വാഹനങ്ങളെ പിടിച്ച് പിഴയൊടുക്കിയതല്ലാതെ അന്വേഷണം നീണ്ടുപോയില്ല.

വിലക്കുറവായതിനാലാണ് എം.സാന്റ് ഉള്‍പ്പെടെയുള്ളവ വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്നത്. എന്നാല്‍ പാറപ്പൊടിയില്‍ വെള്ളം നനച്ച് വെള്ളത്തോടെ കയറ്റി എം.സാന്റായി എത്തിക്കുന്നെന്നാണ് ആക്ഷേപം. കെട്ടിടനിര്‍മ്മാതാക്കളുടെ എന്‍ജിനിയര്‍മാരാണ് തട്ടിപ്പിനു പിന്നിലെന്നാണ് ആരോപണം. കെട്ടിടത്തില്‍ എം.സാന്റ് ഉപയോഗിക്കേണ്ടയിടത്ത് പാറപ്പൊടി ഉപയോഗിച്ചാല്‍ ബലക്ഷയം ഉള്‍പ്പെടെ ഉണ്ടാകും.

രേഖകളുമില്ല

തമിഴ്‌നാട്ടില്‍ നിന്ന് നിര്‍മ്മാണ ഉത്പന്നങ്ങള്‍ കയറ്റിയെത്തുന്ന വാഹനങ്ങള്‍ ഇന്‍ഷ്വറന്‍സ്, ഫിറ്റ്‌നെസ് തുടങ്ങിയ യാതൊരു രേഖകളുമില്ലാതെയാണ് ദേശീയ പാതയിലൂടെ ചീറിപ്പായുന്നത്. കളിയിക്കാവിള- നെയ്യാറ്റിന്‍കര വഴി ബാലരാമപുരത്തും അരുവിക്കരയിലുമെത്തുന്ന വാഹനങ്ങള്‍ പോങ്ങുംമൂട്- ചീനിവിള റോഡിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്. അപകടകരമായി പോകുന്ന ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും നിരവധിപ്പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്.

നഗരമാലിന്യം മൂക്കുന്നിമലയില്‍?

ജില്ലയിലെ പ്രധാന ക്വാറി ഉത്പന്നങ്ങളുടെ കേന്ദ്രമായിരുന്നു മൂക്കുന്നിമല. എന്നാല്‍ ക്രഷറുകള്‍ പൂട്ടിയതിനെത്തുടര്‍ന്ന് മൂക്കുന്നിമലയിലെ പാറക്കുഴികളില്‍ നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചു. മൂക്കുന്നിമലയെ മറ്റൊരു വിളപ്പില്‍ശാലയാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.