കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് മർദ്ദിച്ച കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നവവധുവിന്റെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വെെകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു.
നവവധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷ ചുമതല വഹിക്കുന്ന എസിപി സാജു കെ എബ്രഹാം പറഞ്ഞു.
അതേസമയം, കേസിൽ ഗുരുതര വീഴ്ച വരുത്തിയ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ്.സരിനെ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ സസ്പെൻഡ് ചെയ്തിരുന്നു. നവവധുവിന്റെ പരാതി ഗൗരവമായി എടുക്കാതിരിക്കുകയും പ്രതി പന്തീരാങ്കാവ് സ്വദേശി രാഹുൽ പി. ഗോപാലിനെതിരെ ഗുരുതര വകുപ്പ് ചുമത്താതിരിക്കുകയും ചെയ്തതിനാണ് നടപടി. തുടർന്നാണ് കേസിന്റെ അന്വേഷണ ചുമതല ഫറോക്ക് എസിപി സാജു കെ എബ്രഹാമിന് കൈമാറിയത്.
മർദ്ദനമേറ്റ് അവശനിലയിലായിട്ടും വധശ്രമം ഉൾപ്പെടെ നടന്നിട്ടും പൊലീസ് ഗാർഹികപീഡനത്തിന് മാത്രമാണ് കേസെടുത്തതെന്ന് നവവധുവിന്റെ പിതാവ് പരാതിപ്പെട്ടിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാൻ തയ്യാറാവാതെ ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം രാഹുലിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.