kannur

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയ്ക്ക് മുന്നിൽ കൂട്ടത്തല്ല്. സംഭവത്തിൽ കെപിസിസി അംഗം ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പണമിടപാട് തർക്കമാണ് കൂട്ടത്തല്ലിന് കാരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കെപിസിസി അംഗമായ മുഹമ്മദ് ബ്ലാത്തൂറും ഇദ്ദേഹത്തിന്റെ മകനും സഹോദരനും ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിട്ടായിരുന്നു തർക്കം.

പണമിടപാടിനെ ചൊല്ലി ആരംഭിച്ച തർക്കം പിന്നീട് ഒരു കൂട്ടത്തല്ലിൽ അവസാനിക്കുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂറിന്റെ മകൻ പണം നൽകാൻ ഉണ്ടെന്നായിരുന്നു ആക്ഷേപം. ഇതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തു. പൊതുശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ മുന്നിൽ വാഹനങ്ങൾ അടക്കം തടഞ്ഞ് വലിയ രീതിയിൽ തർക്കമുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തിവരികയാണ്. പണമിടപാട് തന്നെയാണോ പ്രശ്നത്തിന് കാരണമെന്നത് അടക്കം പൊലീസ് അന്വേഷിക്കും.