തൃശൂർ: ചെറുതുരുത്തിയിൽ പൊലീസ് പിടിച്ചെടുത്ത ഒരു കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങളുടെ ചാക്കുകളിലുണ്ടായിരുന്ന ചെറിയ പാക്കറ്റുകൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമായതിന് പിന്നാലെ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങി എക്‌സൈസ്. കടകളിൽ തുടർച്ചയായ പരിശാേധനയും അദ്ധ്യാപകർക്കും കുടുംബശ്രീ പ്രവർത്തകർക്കും അടക്കം വിമുക്തി പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്‌ളാസുകളും തുടങ്ങും. ജില്ലയിൽ എൻ.ജി.ഒയുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടി തുടങ്ങുന്നതിനുള്ള ശുപാർശ എക്‌സൈസ് കമ്മിഷണർക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ട ബോധവത്കരണമാണ് ലക്ഷ്യം.
സർക്കാർ സ്‌കൂൾ അദ്ധ്യാപകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എല്ലാ ക്‌ളാസുകളിലും വിമുക്തി ക്‌ളബുകൾ കൂടുതൽ അദ്ധ്യാപകരെ ഉൾപ്പെടുത്തി സജ്ജമാക്കും. കഴിഞ്ഞ ദിവസം പൊലീസ് ഒരു രാത്രി മുഴുവൻ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഒരു ലക്ഷത്തോളം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകൾ ചെറുതുരുത്തിയിൽ പിടികൂടിയത്. മൂന്ന് തരത്തിലുള്ള പാക്കറ്റുകളായിരുന്നു. മുതിർന്നവർക്കുള്ള വിവിധ വലുപ്പത്തിലുള്ള പാക്കറ്റുകളോടൊപ്പമാണ് കുട്ടികൾക്കുള്ള പാക്കറ്റുകളുമുണ്ടായിരുന്നത്.
തിങ്കളാഴ്ച പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ പിന്നാലെ അന്വേഷിച്ചുപോയ പൊലീസ് സംഘം ഇവ വൻതോതിൽ സൂക്ഷിച്ചിരുന്ന ഗോഡൗൺ കണ്ടെത്തി റെയ്ഡ് ചെയ്യുകയായിരുന്നു. രണ്ടുപേർ അറസ്റ്റിലായിരുന്നു. വാടകവീട് എടുത്താണ് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ ചാക്കുകൾ സൂക്ഷിച്ചത്.
കളക്ടറുടെ യോഗം ഉടൻ
അദ്ധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് പൊലീസ്, എക്‌സൈസ് അടക്കമുള്ള വകുപ്പ് അധികൃതരുമായി കളക്ടറുടെ യോഗം ഉടൻ നടക്കും. ഇതിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണങ്ങൾക്കും വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകും. സ്‌കൂളുകളിൽ കൂടുതൽ പരാതിപ്പെട്ടികളും സ്ഥാപിക്കുന്നത് അടക്കമുളള കാര്യങ്ങൾ ചർച്ച ചെയ്യും.
ഉപയോഗം കൂടുന്നു
അന്യസംസ്ഥാന തൊഴിലാളികളിൽ പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കൂടി.
നാട്ടിലെ തൊഴിലാളികൾക്കിടയിലും രഹസ്യമായി ഉപയോഗിക്കുന്നവരേറെ.
ലോറി ബസ് ഡ്രൈവർമാരിലും ദീർഘദൂരവാഹനങ്ങൾ ഓടിക്കുന്നവരിലും ഉപയോഗം.
അടുത്തദിവസം തന്നെ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ കർശന പരിശോധന നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിലുളള എല്ലാ സ്ഥാപനങ്ങളിലും തുടർ പരിശോധനകളുണ്ടാകും.
- എസ്. ഷാനവാസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ