uae

അബുദാബി: ഗൾഫ് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് സുവ‌ർണാവസരവുമായി പത്തുവർഷത്തെ പുതിയ വിസ പദ്ധതിയുമായി യുഎഇ. 'ബ്ളൂ റെസിഡൻസി'യെന്നാണ് വിസയുടെ പേര്. പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച സംഭാവനകൾ നടത്തിയവർക്കാണ് യുഎഇ ബ്ളൂ റെസിഡൻസി വിസ നൽകുന്നത്. യുഎഇയുടെ അകത്തും പുറത്തുമായി പാരിസ്ഥിതിക പ്രവ‌ർത്തനങ്ങൾ നടത്തിയവർക്കാണ് വിസയ്ക്കായി അപേക്ഷിക്കാൻ അവസരം.

പരിസ്ഥിതി സംരക്ഷണ പ്രവ‌ർത്തനങ്ങൾ നടത്തുന്ന അന്താരാഷ്‌ട്ര കമ്പനികളിലെ അംഗങ്ങൾ, സംഘടനകളിലുള്ളവർ, സ‌ർക്കാരിതര സംഘടനകളിലെ അംഗങ്ങൾ, അഗോള പുരസ്‌കാര ജേതാക്കൾ, പ്രശസ്‌തരായ പരിസ്ഥിതി പ്രവ‌ർത്തകർ, ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ എന്നിവർക്കാണ് വിസ അനുവദിക്കുന്നത്.

തിരിച്ചറിയൽ, പൗരത്വം, കസ്റ്റംസ്, തുറമുഖ സംരക്ഷണം എന്നീ വകുപ്പുകളുടെ അധികാരികൾ വഴി ബ്ളൂ റസിഡൻസി വിസയ്ക്കായി അപേക്ഷ നൽകാം. കൂടാതെ ബന്ധപ്പെട്ട അധികാരികൾക്ക് അർഹരായവരെ നാമനിർദേശം ചെയ്യാനും സാധിക്കും. രാജ്യത്തിന്റെ സമ്പത്ത്‌ഘടനയുടെ സുസ്ഥിരത പരിസ്ഥിതിയുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മുഖ്‌തം പറഞ്ഞു. കഴിഞ്ഞദിവസം നിയമസഭാ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്നതിനായി രാജ്യം ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് പുതിയ റെസിഡൻസി പദ്ധതി.

രണ്ടുവർഷത്തെവരെ കാലാവധിയുള്ള താമസ വിസകളാണ് യുഎഇ സാധാരണയായി അനുവദിക്കുന്നത്. 2019ൽ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ തുടങ്ങിയവർക്കായി ഗോൾഡൻ വിസകൾ എന്ന പേരിൽ 10 വർഷത്തെ റെസിഡൻസി സ്കീം രാജ്യം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷം, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്കായി ഗ്രീൻ വിസകൾ എന്ന പേരിൽ അഞ്ച് വർഷത്തെ റെസിഡൻസിയും രാജ്യം പ്രഖ്യാപിച്ചു.