കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുൽ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് മാതാവ്. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി രജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്നാണ് ഇവർ സമ്മതിച്ചത്. ഒളിവിൽ പോയ രാഹുലിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മാതാവിന്റെ വെളിപ്പെടുത്തൽ.
'ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി രാഹുൽ രജിസ്റ്രർ വിവാഹം ചെയ്‌തിരുന്നു. ആ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പറവൂരിലെ പെൺകുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണ്. രാഹുൽ ചെയ്‌ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.' - രാഹുലിന്റെ മാതാവ് പറഞ്ഞു.
രാഹുൽ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇന്നലെ വൈകിട്ട് ആറ് മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. രാത്രി പത്ത് മണിവരെ മൊഴിയെടുപ്പ് നീണ്ടു. നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി നിരവധിപേരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
അസഭ്യം പറഞ്ഞതും മർദിച്ച് പരിക്കേൽപ്പിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതും ഉൾപ്പെടെ രാഹുൽ കാട്ടിയ കൊടും ക്രൂരതകൾ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. രാഹുലിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളടക്കം മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.