omni

പാവപ്പെട്ടവന്റെ ഇന്നോവ എന്ന് വിളിപ്പേരുള്ള മാരുതി ഓമ്നി തിരിച്ചുവരുന്നു. ഇലക്ട്രിക് പതിപ്പിലൂടെയായിരിക്കും ഓമ്നിയുടെ തിരിച്ചുവരവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെതന്നെ ഓമ്നിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തുവരുമെന്ന് ചില ഓട്ടോമൊബൈൽ സൈറ്റുകൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അഞ്ചുവർഷത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ചില ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മാർക്കറ്റ് കുതിച്ചുയർന്നുകൊണ്ടിരിക്കുന്നത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനികൾക്ക് പ്രചോദനമാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം ഉത്പാദനം നിറുത്തിയിട്ടും ഇന്നും ജനപ്രിയ ബ്രാൻഡായി തുടരുന്ന ഓമ്നിയെ ഇലക്ട്രിക്കാക്കാൻ കമ്പനി ഒരുങ്ങുന്നതെന്നാണ് വെബ്‌സൈറ്റുകൾ പറയുന്നത്. നേരത്തേ ഉള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായി വമ്പൻ ഫീച്ചറുകളോടെയാവും ഓമ്നി എത്തുക.

ഒറ്റ ചാർജിൽ 200 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കേജുകളാവും ഓമ്നിയിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. 13.6PS പവറും 50Nm ടോർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുമുതൽ 5.40 ലക്ഷം രൂപവരെയായിരിക്കും വില എന്നാണ് :അറിയുന്നത്. ഡിആർഎൽ(ഡേ ടൈം റണ്ണിംഗ് ലാമ്പ് ) ഉൾപ്പടെയുള്ളവയിലൂടെ പുത്തൻ സ്പോട്ടി ലുക്കായിരിക്കും ഇവി മോഡലിന് ഉണ്ടാവുക. ഡോറുകൾ പഴയതുപോലെ തന്നെയായിരിക്കും. കണക്ടിവിറ്റി സൗകര്യങ്ങൾ എത്രത്തോളമുണ്ടാകുമെന്ന് വ്യക്തയില്ല.

മികച്ച മൈലേജ് ലഭിക്കുന്നതിനാൽ ദൂരയാത്രകൾക്കും തകർപ്പൻ പെർഫോമൻസായിരിക്കും കാഴ്ചവയ്ക്കുക. സേഫ്ടിയുടെ കാര്യത്തിലും കൂടുതൽ കരുതൽ ഉണ്ടാവും. സാധാരണക്കാരുടെ പോക്കറ്റിണങ്ങുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തി നേടിയ മാരുതിക്ക് ഇലക്ട്രിക് ഓമ്‌നിയിലൂടെ കൂടുതൽപ്പേരെ തങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്