കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ. ചിത്രം നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നു.
'രാമചന്ദ്രൻ റിട്ട. എസ് ഐ ആണ്. റിട്ടയർമെന്റ് ഫംഗ്ഷനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. രാമചന്ദ്രൻ 33 വർഷം ചെയ്ത ജോലിയാണ്. കുറേ വർഷം ചെയ്ത ജോലിയിൽ നിന്ന് വിരമിക്കുകയെന്ന് പറഞ്ഞാൽ അവിടെ നമുക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ്. അവിടെ നമ്മൾ പഴയ പോലെയാണെന്നും എല്ലാവർക്കും നമ്മളെ ഇഷ്ടമാണെന്നൊക്കെ നമ്മുടെ ധാരണകളാണ്.
കാലം പോകുന്നതിനനുസരിച്ച് ആളുകൾ മാറിക്കൊണ്ടിരിക്കും. നമ്മൾ പോന്നതിന് ശേഷം തിരികെ പഴയ ജോലി സ്ഥലത്തേക്ക് ചെല്ലുമ്പോൾ ആദ്യം അവർ നമ്മളെ കെട്ടിപ്പിടിച്ചാകും സ്വാഗതം ചെയ്യുക. രണ്ടാമത് ചെല്ലുമ്പോൾ ഒരു ഹായ് ആയിരിക്കും. പിന്നെ എപ്പോൾ വന്നെന്നായിരിക്കും. വീണ്ടും ചെല്ലുമ്പോൾ എന്തിനാ വന്നതെന്നായിരിക്കും. ഈ രാമചന്ദ്രൻ പതിയെ അത് മനസിലാക്കുകയും ഒരു ട്രോമയിലേക്ക് വരികയുമാണ്. അവിടെ നിന്നാണ് പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി തുടങ്ങുന്നതാണ് സിനിമ പറയുന്നത്,'- ഷാജോൺ വ്യക്തമാക്കി.
പൊളിറ്റിക്കലി സ്റ്റേറ്റ്‌മെന്റ് കറക്ട് ആകുന്നതിനെപ്പറ്റിയും ഷാജോൺ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു. 'ഒരു ഏരിയയിൽ നോക്കുമ്പോൾ വളരെ നല്ലതാണ്. ചില ഏരിയയിൽ നോക്കിയാൽ അത് നമ്മളെ ദുഃഖിപ്പിക്കുന്നുണ്ട്. അടുത്തിടെ ഭാരത സർക്കാർ ഉത്പന്നം എന്നുപറഞ്ഞ് സിനിമ വന്നു. അതിൽ ഭാരതം കട്ട് ചെയ്യണമെന്ന് പറഞ്ഞു. സർക്കാർ ഉത്പന്നം എന്നുപറഞ്ഞിട്ടാണ് സിനിമ റിലീസ് ചെയ്തത്. ഇതാരാണ് ഭാരതം എടുത്ത് മാറ്റണമെന്ന് പറഞ്ഞത്. ഭാരതം ഇടുന്നതിന് എന്താണ് തെറ്റ്. ഭാരതം ആരുടെയാണെന്നൊക്കെ കലാകാരന്മാർ ചോദിക്കേണ്ട ചോദ്യങ്ങളാണ്.
പലപ്പോഴും നമുക്ക് ശബ്ദിക്കാൻ പേടിയാണ്. സേഫ് ആയി സൈഡിൽ കൂടെ പോകുന്നതല്ലേ നല്ലതെന്ന് ഞാനടക്കമുള്ള കലാകാരന്മാർ ചിന്തിക്കുന്നുണ്ട്. തെറ്റ് പറയാൻ പറ്റില്ല. നിങ്ങൾ കലാകാരന്മാരല്ലേ അതിനെതിരെ സംസാരിക്കേണ്ടതെന്ന് പറയാറുണ്ട്. നമുക്കൊരു കുടുംബം ഉണ്ട്. എല്ലാവരും സമാധാനപരമായ ജീവിതമല്ലേ ആഗ്രഹിക്കുന്നത്. ക്രീയേറ്ററുടെ കൈ വലിച്ചുകെട്ടുന്ന രീതിയിലുള്ള ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ഉണ്ട്. പക്ഷേ ഇതൊക്കെ ആര് വിചാരിച്ചാൽ ശരിയാകും. പറ്റുന്ന രീതിയിൽ മുന്നോട്ടുപോകുക. ബോഡി ഷെയിമിംഗും കാര്യങ്ങളുമൊക്കെ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.'- കലാഭവൻ ഷാജോൺ പ്രതികരിച്ചു.