ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനത്തിനുള്ളിലെ ടോയ്‌ലറ്റിൽ ഒരു ടിഷ്യു പേപ്പറിൽ ബോംബ് എന്നെഴുതിയത് കണ്ടതോടെയാണ് ആശങ്ക ഉയർന്നത്.
വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ടിഷ്യു കിട്ടിയത്. തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെയും ഡൽഹി പോലീസിനെയും ക്രൂ അംഗങ്ങൾ വിവരമറിയിച്ചു. ശേഷം യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ, ആരാണ് ഈ ടിഷ്യു ടോയ്‌ലറ്റിനുള്ളിൽ ഉപേക്ഷിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിൽ വിമാനത്താവളത്തിലും പ്രദേശത്തും കനത്ത നിരീക്ഷണം തുടരുകയാണ്.
അതേസമയം, ജീവിനക്കാരുടെ പ്രതിഷേധം ഇപ്പോഴും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ സർവീസുകളെ ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ ഇന്നലെയും മുടങ്ങി. രാവിലെ എട്ടിന് ബഹ്‌റൈനിലേക്കും 8.35ന് ദമാമിലേക്കും പോകേണ്ടിയിരുന്ന അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്. മറ്റ് സർവീസുകളെല്ലാം പതിവുപോലെ നടന്നു. ആഭ്യന്തര സർവീസുകൾക്കും പ്രശ്നമുണ്ടായില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസുകളെല്ലാം മുടക്കമില്ലാതെ എത്തിയിരുന്നു.