കൊച്ചി: എട്ട് പേരുടെ മരണത്തിനിടയാക്കിയ മുംബയിലെ പരസ്യ ബോർഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് ആവശ്യം. രണ്ട് ദിവസം മുമ്പ് കാസർകോടും കൂറ്റൻ പരസ്യബോർഡ് കാറ്റിൽ നിലംപൊത്തിയിരുന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
അതിശക്തയമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതാ പ്രവചനം നിലനിൽക്കെ, ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ ഉയർന്നു നിൽക്കുന്ന ആയിരക്കണിക്കിന് പരസ്യബോർഡുകൾ ആശങ്ക സൃഷ്ടിക്കുകയാണ്.
കൊച്ചി നഗരത്തിലും പരിസരത്തും ഭൂരിഭാഗം പരസ്യബോർഡുകളും കെട്ടിടങ്ങൾക്കു മുകളിലാണ്. ഇതിൽ ഭൂരിഭാഗവും അനധികൃതവും കാലപ്പഴക്കം ചെന്നവയുമാണ്. വള്ളിപ്പടർപ്പുകൾ പടന്നുപിടിച്ചുനിൽക്കുന്നത് വേറെയും. ശക്തമായ കാറ്റടിച്ചാൽ ഇവ പലതും നിലംപൊത്താം. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോർഡുകൾക്ക് ലൈസൻസ് നൽകുന്നത്. അംഗീകൃത എൻജിനിയറുടെ ബലപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും ലൈസൻസ് പുതുക്കണമെന്നാണ് ചട്ടം. ഒരിക്കൽ ലൈസൻസ് എടുത്തവർ ഇത് പുതുക്കാറില്ല. ഇതിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്നിരുന്നു. തുടർന്നാണ് തദ്ദേശസ്ഥാപനങ്ങൾ വിഷയത്തിൽ കാര്യമായി ഇടപെട്ടത്.
സ്കൂൾ വളപ്പിലും ബോർഡുകൾ
സ്കൂൾ വളപ്പുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുതെന്ന ചട്ടവും പാലിക്കുന്നില്ല. കൊച്ചി നഗരത്തിലെ സ്ഥിരം സിനിമാ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്കൂൾ വളപ്പിലെ ഭീമൻ പരസ്യബോർഡ് രണ്ട് വർഷം മുമ്പ് നിയമത്തെ വെല്ലുവിളിച്ചാണ് സ്ഥാപിച്ചത്. അതിന്നും അവിടെ തലയുയർത്തി നിൽക്കുന്നു. ലക്ഷങ്ങളാണ് ഇതിന് വാടക ലഭിക്കുന്നത്. അങ്കമാലി അത്താണി ജംഗ്ഷന് സമീപത്തെ സ്കൂളിനോട് തൊട്ടുചേർന്നും പരസ്യബോർഡുണ്ട്.
5000 വരെ പിഴ
നഗരസഭാ പരിധിയിലെ അനധികൃത പരസ്യബോർഡുകൾ മുന്നറിയിപ്പ് കൂടാതെ നീക്കുന്നുണ്ട്. ഓരോ ബോർഡിനും 5000 രൂപ വരെയാണ് പിഴ ഈടാക്കിയത്. നീക്കം ചെയ്യുന്നതിനുള്ള ചെലവും സ്ഥല, കെട്ടിട ഉടമകൾ നൽകണം. ഫീസ് അടച്ച് നമ്പർ ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടവും പാലിക്കുന്നില്ല.
1000 സ്ക്വയർ ഫീറ്റ്
കഴിഞ്ഞ ആറുവർഷമായി പരസ്യബോർഡുകളിൽ നിന്ന് ഒരു രൂപ പോലും കൊച്ചി കോർപ്പറേഷന് ലഭിച്ചിട്ടില്ലെന്നാണ് 2022ലെ കൗൺസിൽ യോഗത്തിൽ മേയർ വെളിപ്പെടുത്തിയത്. ഇന്ന് 95 ശതമാനം പരസ്യബോർഡുകളും ഏകീകൃത നിയമത്തിലേക്ക് നഗരസഭയ്ക്ക് കൊണ്ടുവരാനായെന്ന് പരസ്യബോർഡ് കമ്പനികളുടെ കൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു.
1000 സ്‌ക്വയർ ഫീറ്റ് വരെയുള്ള പരസ്യബോർഡ് വയ്ക്കാനാണ് സർക്കാർ അനുമതി. ഒരു സ്‌ക്വയർ ഫീറ്റിന് 200 രൂപയാണ് സർക്കാർ നികുതി നിരക്ക്. കൊച്ചി നഗരത്തിലെ ലൈസൻസ് ഇല്ലാത്ത പരസ്യബോർഡുകൾ നീക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം, -ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് കേരള അഡ്വൈട്ടൈസിംഗ് ഇൻഡസ്ട്രീസ് അസോ.