aishwarya-rai

ഇന്ത്യയിൽ ഇന്നും ഏ​റ്റവും താരമൂല്യമുളള മുൻനിരാ നായികമാരിലൊരാളാണ് ഐശ്വര്യ റായ്. ഇന്ത്യൻ സിനിമയിലെ താര റാണിയെന്ന് തന്നെ ഐശ്വര്യയെ പറയാം. താരത്തിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ് മകൾക്കൊപ്പം മുംബയ് വിമാനത്താവളത്തിലെത്തിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഫ്രഞ്ച് റിവിയേരയിലേക്ക് പോയതാണ് ഐശ്വര്യ.

മകൾ ആരാധ്യയ്‌ക്കൊപ്പമാണ് താരമെത്തിയതെങ്കിലും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് മറ്റൊന്നിലാണ്. കെെയിൽ പ്ലാസ്റ്റർ ഇട്ടാണ് ഐശ്വര്യ വിമാനത്താവളത്തിലെത്തിയത്. ഐശ്വര്യയുടെ ഹാൻഡ്‌ബാഗുമായി ആരാധ്യ പോകുന്നതും വീഡിയോയിൽ ഉണ്ട്. താരത്തിന്റെ വലത് കെെകയിലാണ് പരിക്കേറ്റിട്ടുള്ളത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് എന്തുപറ്റിയെന്നറിയാൻ കമന്റുകളുമായി രംഗത്തെത്തിയത്. 'എന്താണ് സംഭവിച്ചത്, ഐശ്വര്യ നിങ്ങൾക്ക് സുഖമാണോ, നിങ്ങൾ എന്നു ഞങ്ങൾക്ക് റാണിയാണ്' ഇത്തരത്തിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.

എന്നാൽ എങ്ങനെയാണ് താരത്തിന്റെ കെെക്ക് പരിക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ ഐശ്വര്യ വിമാനത്താവളത്തിലേക്ക് കയറി പോകുന്നതിന് മുൻപ് ആരാധകരെ ഇടത് കെെവീശി കാണിക്കുന്നതും കാണാം. കൂടാതെ മകളോട് ആരാധകരോട് ഹായ് പറയാനും ഐശ്വര്യ ആവശ്യപ്പെടുന്നുണ്ട്.

View this post on Instagram

A post shared by Varinder Chawla (@varindertchawla)

അതേസമയം, തെന്നിന്ത്യയിൽ തന്നെ വമ്പൻ ഹിറ്റായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നന്ദിനിയായിട്ടാണ് താരം അവസാനമായി ബിഗ്സ്ക്രീനിൽ എത്തിയത്. താരത്തിന്റെ പുതിയ സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ.