photo

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ജനറൽ ആശുപത്രി -വ‍ഞ്ചിയൂർ റോഡിന്റെ പണി എങ്ങുമെത്തിയില്ല. ഈ റോഡിന്റെ ആരംഭത്തിലാണ് ഹോളി എയ്ഞ്ചൽസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇവിടേക്ക് മക്കളെ സുരക്ഷിതമായി എങ്ങനെ വിടുമെന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾക്ക്. നടപ്പാതയിലൂടെ നടന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴും.

പലയിടങ്ങളിലായി വലിയ കുഴികളാണുള്ളത്. കുഴികൾക്ക് മുകളിലേക്ക് പലയിടത്തും കമ്പികൾ ഉയർന്നു നിൽക്കുന്നു. ഇതെല്ലാം താണ്ടിവേണം വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ. സ്വകാര്യ ആശുപത്രി,​ ക്ളിനിക്ക്,​ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ,​ ജില്ലാ കോടതി എന്നിവിടങ്ങളിലേക്കെല്ലാം എത്താനുള്ള റോഡ് കൂടിയാണിത്. ഇപ്പോൾ ഇതുവഴി വാഹനങ്ങൾക്ക് പോകാനാകില്ല. സ്കൂളിന് എതിർവശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളുമായി ആംബുലൻസ് ഏറെ ബുദ്ധിമുട്ടിയാണ് എത്തുന്നത്.സംസ്ഥാനത്ത് വേനൽമഴ ശക്തമായതും റോഡ് പണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്കും

വഞ്ചിയൂർ റോഡ് പണി നടക്കുന്നതിനാൽ അതുവഴി പോകേണ്ട വാഹനങ്ങൾ പാറ്റൂർ വഴിയാണ് പോകുന്നത്.ഇത് വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഉപ്പിടാംമൂട് ജംഗ്ഷനിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്കൂൾ തുറക്കുന്നതോടെ ഹോളി എയ്ഞ്ചൽസ് കോൺവെന്റ്,​ സെന്റ് ജോസഫ് സ്കൂളുകളിലേക്കെത്തുന്ന സ്കൂൾ ബസും മറ്റു വാഹനങ്ങളും ജനറൽ ആശുപത്രി ജംഗ്ഷനിൽ നിറുത്തി വേണം കുട്ടികളെ കയറ്റാനും ഇറക്കാനും. ഇത് ജനറൽ ആശുപത്രി റോഡിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകും.