banana

ചൂട് കാലത്ത് ഏറെ ഡിമാൻഡുള്ളവയാണ് പഴങ്ങൾ. ഇവയിൽ വാഴപ്പഴത്തിന് എല്ലാക്കാലത്തും ഡിമാൻഡ് ഏറെയാണ്. മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ മിക്കപ്പോഴും വാഴപ്പഴം ഇടം പിടിക്കാറുമുണ്ട്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന പഴം വിശ്വസിച്ച് കഴിക്കാനാകാത്ത അവസ്ഥയാണിന്ന്. മിക്കപ്പോഴും രാസവസ്‌തുക്കൾ കുത്തിവച്ച് പഴുപ്പിച്ചായിരിക്കും ഇവ വിപണിയിലെത്തുന്നത്. ഇവ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.

പണ്ടത്തെക്കാലത്ത് മിക്കവരുടെയും പറമ്പിലും മറ്റും പലയിനത്തിലെ വാഴകൾ നട്ടുവളർത്താറുണ്ടായിരുന്നു. വാഴക്കുലകൾ പഴുപ്പിക്കാൻ നിരവധി പരമ്പരാഗത മാർഗങ്ങളും ഉപയോഗിച്ചിരുന്നു. എന്നാലിന്ന് വാഴക്കൃഷിയും വീടുകളിൽ വാഴ നട്ടുവളർത്തുന്നതും കുറഞ്ഞു. ഒന്നോ രണ്ടോ വാഴകൾ മാത്രമായിരിക്കും മിക്കവരുടെയും വീടുകളിലുള്ളത്. ഇപ്പോഴിതാ പരമ്പരാഗത മാർഗം ഉപയോഗിച്ച് ഒരു വയോധിക വാഴക്കുല പഴുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

ആദ്യം മണ്ണിൽ കുല നിർത്തിവയ്ക്കാൻ പാകത്തിനുള്ള കുഴിയെടുക്കുന്നു. ശേഷം കുല വെട്ടിയെടുത്ത് കുഴിയിലേയ്ക്ക് ഇറക്കിവയ്ക്കുന്നു. ഇതിനുശേഷം ഒരു പാത്രത്തിൽ കൽക്കരിയെടുത്ത് പുകയ്ക്കുന്നു. ഇത് പാത്രത്തോടെ കുഴിയിൽ വയ്ക്കണം. ശേഷം കുലയുടെ വശങ്ങളിലായും മുകളിലായും വാഴയിലകൾ നിറച്ച് കുഴി മറയ്ക്കണം. അതിനുമുകളിലായി ചാക്കും ഓലയുമൊക്കെവച്ച് നന്നായി മറയ്ക്കണം. ഇതിനുമുകളിലായി മണ്ണ് വിതറി കുഴി നന്നായി മൂടണം. ഇനി രണ്ടുദിവസത്തിനുശേഷം വാഴക്കുല പുറത്തെടുത്ത് നോക്കാം. നന്നായി പഴുത്ത വാഴക്കുല ലഭിക്കും.കൺട്രി ഫുഡ് കുക്കിംഗ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Eswari S (@countryfoodcooking)