jds

ബംഗളൂരു: മകനും ചെറുമകനും ലൈംഗിക പീഡനം അടക്കമുള്ള ക്രിമിനൽ കേസുകളിൽപ്പെട്ടതിന്റെ മനോവിഷമം പേറുന്ന മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ ഇക്കുറി പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ചു. ദേവഗൗഡയുടെ ചെറുമകനും ഹസൻ എം.പിയുമായ പ്രജ്വൽ രേവണ്ണ മാനഭംഗക്കേസിൽ ഒളിവിലാണ്. ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ ദേവഗൗഡയുടെ മകൻ എച്ച്.ഡി. രേവണ്ണ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

നാളെയാണ് ദേവഗൗഡയുടെ 92-ാം പിറന്നാൾ. ജന്മദിനാഘോഷം ഉണ്ടാവില്ലെന്നും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിര‌ഞ്ഞെടുപ്പിൽ ബി.ജെ.പി- ജെ.ഡി.എസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യത്നിക്കണമെന്നും സംഘടനയെ ശക്തിപ്പെടുത്തണമെന്നും ഗൗഡ പാർട്ടിപ്രവർത്തകരോട് അഭ്യർത്ഥിച്ചു.