മുംബയ്: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നിന് മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി ക്യാൻസർ ബാധിതയായിരുന്നു. സംസ്‌കാരം മുംബയിൽ നടക്കും.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. നരേഷ് ഗോയലും ക്യാൻസർ ബാധിതനാണ്. രണ്ടു മക്കളുണ്ട്; നമ്രത, നിവാൻ.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിനെ ഭാര്യയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യത്തിൽ വിട്ടിരുന്നു. ബോംബെ ഹൈക്കോടതിയാണ് രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സെപ്‌തംബറിലാണ് നരേഷിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. അനിതയും കേസിൽ പ്രതിയായിരുന്നു.