ഫേഷ്യൽ ചെയ്യാനും, ബ്ലീച്ച് ചെയ്യാനുമൊക്കെ ബ്യൂട്ടീപാർലറിലേക്ക് ഓടുന്ന നിരവധി പേരുണ്ട്. മുഖം തിളങ്ങണമെന്നത് മാത്രമാണ് ഇവയൊക്കെ ചെയ്യുന്നതുകൊണ്ടുള്ള ലക്ഷ്യം. ഗോൾഡൻ ഉൾപ്പടെ പല തരത്തിലുള്ള ഫേഷ്യലുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ചുരുങ്ങിയത് ആയിരം രൂപയെങ്കിലും കൈയിലില്ലെങ്കിൽ ഇവയൊന്നും നടക്കില്ല.
പോക്കറ്റ് കാലിയാകാതെ വീട്ടിലിരുന്നുകൊണ്ട് തന്നെ മങ്ങിയ ചർമത്തെ അകറ്റി, തിളങ്ങുന്ന ചർമം ലഭിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള സൂത്രം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? ബീറ്റ്‌റൂട്ടാണ് ആ സൂത്രം.
മുഖക്കുരുവിനും കണ്ണിനടിയിലെ കറുപ്പിനും, പ്രായാധിക്യം തോന്നാതിരിക്കാനും, ചുണ്ടിലെ കറുപ്പ് അകറ്റാനുമൊക്കെ വിറ്റാമിൻ സി അടങ്ങിയ ബീറ്റ്റൂട്ട് സഹായിക്കുന്നു. ദിവസവും പല തവണ ബീറ്റ്‌റൂട്ട് ചുണ്ടിൽ തേച്ചാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചുണ്ടിലെ കറുപ്പ് നിറം അകറ്റാം.
ബീറ്റ്റൂട്ട് നീരിൽ അൽപം തൈര് ചേർത്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ഇത് മുഖം തിളങ്ങാൻ സഹായിക്കും. ഒറ്റ ഉപയോഗത്തിൽ തന്നെ നല്ലൊരു തിളക്കം കാണാം. ആഴ്ചയിൽ രണ്ട് തവണ ഈ ഫേസ്‌പാക്ക് ഉപയോഗിക്കണം. എങ്കിൽ മുഖം തിളങ്ങുമെന്ന് മാത്രമല്ല, മുഖക്കുരുവും കണ്ണിനടിയിലെ കറുപ്പുമൊക്കെ അപ്രത്യക്ഷമാകും.
അതേസമയം, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എന്ത് പാക്കും മുഖത്ത് പുരട്ടാവൂ. അല്ലെങ്കിൽ ചിലപ്പോൾ പ്രത്യാഘാതങ്ങൾ ഉണ്ടാകും.