anu-mol

സിനിമയിലെടുത്ത തീരുമാനത്തിൽ ചിലപ്പോഴൊക്കെ തെ​റ്റുപ​റ്റിയിട്ടുണ്ടെന്ന് നടിയും അവതാരകയുമായ അനു മോൾ. ഒരു പ്രത്യേക തരം സിനിമ മാത്രമേ താൻ ചെയ്യുളളൂവെന്ന ധാരണ ഒരുപാട് പേർക്കുണ്ടായിരുന്നുവെന്നും ആളുകൾ നമുക്ക് മുകളിൽ വയ്ക്കുന്ന കാഴ്ചപ്പാടിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും താരം പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനു മോൾ തുറന്നുപറഞ്ഞത്.

'കുറെയാളുകൾ വിചാരിക്കുന്നത് ബോൾഡായി കഴിഞ്ഞാൽ വീട്ടുകാരും ബന്ധുക്കളും വേണ്ടയെന്നാണ്. പക്ഷെ അങ്ങനെയല്ല. ബോൾഡാകാൻ വേണ്ടി പ്രത്യേക തരത്തിലുളള വസ്ത്രങ്ങളിടുക, ബൈക്കോടിക്കുക, ഇഷ്ടത്തിന് നടക്കുക അങ്ങനെയല്ല. എവിടെയൊക്കെയോ ആളുകൾ കേട്ട് അങ്ങനെയാണെന്ന് ധരിച്ച് വച്ചിരിക്കുകയാണ്.

നാട്ടിപുറത്ത് കുടുംബത്തോടെ ജീവിക്കുന്നവരിലും ബോൾഡായിട്ടുളള ആളുകൾ ഉണ്ട്. ബോൾഡ്‌നെസ് എന്നു പറഞ്ഞാൽ ഞാൻ മനസിലാക്കിയടത്തോളം ശരിയെന്താണ് എന്ന് മനസിലാക്കി അതു ചെയ്യുക. അല്ലെങ്കിൽ തെ​റ്റ് എന്താണ് എന്ന് മനസിലാക്കി അത് തുറന്നുപറയാനുളള മനസ് കാണിക്കുകയെന്നതാണ്. നമുക്ക് വേണ്ടത് വേണമെന്നും ആവശ്യമില്ലാത്തത് വേണ്ടെന്നും പറയാനുളള തിരിച്ചറിവാണ് ബോൾഡ്നസ്.

എന്റെ ഓർമയുളള കാലം മുതലേ ഞാൻ ഒ​റ്റയ്ക്ക് കരയുന്ന ഒരാളാണ്. പണ്ട് എനിക്ക് ദേഷ്യം വരുമ്പോൾ സാധനങ്ങൾ വലിച്ചെറിയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ഒരു കാലത്ത് എന്റെ വീട്ടിൽ കല്യാണത്തിന് പ്രാധാന്യം കൊടുത്തിരുന്നു. ഇപ്പോൾ എല്ലാവരും മാറി തുടങ്ങി. ഇപ്പോൾ അവർക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. കല്യാണമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്ന് അവർക്കറിയാം. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നുമാത്രമാണ് കല്യാണം.

പണ്ട് ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾക്ക് ഒന്ന് പുറത്ത് പോകണമെങ്കിലോ അല്ലെങ്കിൽ സിനിമയ്ക്ക് പോകണമെങ്കിലോ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ കൂടെ പൊയ്‌ക്കോ എന്നായിരുന്നു വീട്ടിൽ നിന്നും പറഞ്ഞിരുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കണമെങ്കിൽ ഭർത്താവ് സമ്മതിച്ചാലേ നടക്കൂയെന്നൊരു കാലമുണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ ഒരുപാട് മാറി.

നമ്മുടെ ഉളളിലാണ് ആദ്യം സന്തോഷം ഉണ്ടാകേണ്ടത്. അപ്പോഴാണ് അത് മ​റ്റുളളവർക്കും കൂടി നൽകാൻ സാധിക്കുകയുളളൂ.പണ്ടുമുതലേ ജോജു ചേട്ടന്റെ ഉളളിൽ ഒരു സംവിധായകൻ ഉണ്ടായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് സംവിധായകരോടും ജോജു ചേട്ടൻ പല രീതിയിൽ ചെയ്യാമെന്ന് പറയുമായിരുന്നു. അഭിനയത്തോടൊപ്പം കൂടെയുളളവരെ കൂടി ഉയർത്താൻ ശ്രമിക്കുന്ന ഒരു സ്വഭാവമുളള വ്യക്തിയാ ജോജു'- അനു മോൾ പറഞ്ഞു.