തിരുവനന്തപുരം: ഓപ്പറേഷൻ ആഗിന്റെ ഭാഗമായി സിറ്റി പൊലീസ്‌ നടത്തിയ പരിശോധനയിൽ കാപ്പ പ്രതിയടക്കം മൂന്നുപേർ പിടിയിലായി. ഗുണ്ടാ ആക്രമണം പെരുകിയ സാഹചര്യത്തിലാണ് നിശ്ചലമായ ആഗ് ഓപ്പറേഷനുമായി പൊലീസിന് രംഗത്തിറങ്ങേണ്ടി വന്നത്. കാപ്പ കേസിലെ പ്രതിയായ നേമം കല്ലിയൂർ സ്വദേശി അഖിൽ ദേവ്‌(ചന്ദ്രൂഷ്‌,33),നിരവധി കേസുകളിൽ പ്രതിയായ വിഴിഞ്ഞം സ്വദേശി ശ്രീജിത്ത്‌ (നന്ദു), ബീമാപ്പള്ളി സ്വദേശി സജാദ് എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
പൊതുജനങ്ങളുടെ സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ പൊലീസ്‌ ആഗ്‌, ഡി ഹണ്ട്‌ ഓപ്പറേഷനുകൾ സംഘടിപ്പിച്ചത്‌. സ്റ്റേഷൻ പരിധികളിലെ ഗുണ്ടാ,മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതും ഒളിവിൽ കഴിയുന്നതുമായ അറുപതോളം പ്രതികളുടെ വീടുകളിൽ ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമാണ്‌ ഓപ്പറേഷന്റെ ലക്ഷ്യം.

സിറ്റി പൊലീസ്‌ മേധാവി സി.എച്ച്‌.നാഗരാജുവിന്റെയും ഡി.സി.പി പി.നിതിൻരാജിന്റെയും നേതൃത്വത്തിൽ 250 പേരടങ്ങുന്ന 30 പൊലീസ്‌ സംഘമാണ്‌ അറുപതോളം കേന്ദ്രങ്ങളിൽ ഇന്നലെ പരിശോധന നടത്തിയത്‌. പരിശോധന പത്ത്‌ ദിവസം തുടരും. മറ്റ് പല പ്രധാന പ്രതികളുടെയും അവരുടെ മയക്കുമരുന്ന് മാഫിയാ ബന്ധത്തെയും വിപണനത്തെയും സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി പൊലീസ്‌ പറഞ്ഞു. കാപ്പ നിയമം ലംഘിച്ചതിന്‌ അറസ്റ്റിലായ അഖിൽദേവിനെ നെയ്യാറ്റിൻകര ജെ.എഫ്‌.സി.എം (ഏഴ്‌) കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. മിന്നൽ പരിശോധനയ്‌ക്ക്‌ ഫോർട്ട്‌ അസി. കമ്മിഷണർ എം.കെ.ബിനുകുമാർ,കന്റോൺമെന്റ്‌ അസി.കമ്മിഷണർ എൻ.ആർ.ജയരാജ്‌ തുടങ്ങിയവർ നേതൃത്വം നൽകി.