ആലപ്പുഴ : ഇടവേളയ്ക്ക് ശേഷം വീണ്ടും അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ നീർനായകൾ തലപൊക്കി. കഴിഞ്ഞദിവസം എടത്വയിൽ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് നീർനായുടെ കടിയേറ്റിരുന്നു. പമ്പയാറിന്റെ തീരങ്ങളിൽ നീർനായ്ക്കൾ തമ്പടിക്കുന്നത് വലിയ ഭീഷണിയാണ്. കഴിഞ്ഞ ദിവസം നീർനായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കളും മുമ്പ് സമാനമായ അനുഭവം നേരിട്ടവരാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധിപ്പേർക്കാണ് നീർനായയുടെ കടിയേറ്റത്. വെള്ളപ്പൊക്ക സീസണുകളിൽ ഡാമുകൾ തുറന്നുവിട്ടപ്പോൾ ഒഴുകിയെത്തിയതെന്ന് കരുതുന്ന നീർനായ്ക്കൾ പെറ്റുപെരുകിയാണ് പ്രദേശവാസികൾക്ക് ഭീഷണിയായത്. ബോട്ട് സർവീസുകളും, ആളനക്കവും കുറഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് ഇവ തമ്പടിക്കുന്നത്. ഇവയെ ഭയന്ന് ചുരുക്കം ആളുകൾ മാത്രമാണ് ഇപ്പോൾ ആറ്റിൽ കുളിക്കാനെത്തുന്നത്. മലിനജലത്തിൽ നീർനായ്ക്കൾ ഇറങ്ങാറില്ല. ശുദ്ധജലമുള്ള കുളിക്കടവുകൾ കേന്ദ്രീകരിച്ചാണ് ഇവ തങ്ങുന്നത്.
നീർനായ്ക്കൾ പെറ്റുപെരുകിയ അവസ്ഥയാണ്. അധികൃതർ ഇടപെട്ട് പ്രശ്നപരിഹാര മാർഗ്ഗം കണ്ടെത്തണം. ഇവയെ ഭയന്ന് ആറ്റിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു -ബാബു, പ്രദേശവാസി
നിർമ്മിച്ച് വർഷം 3കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ പൊതു ശൗചാലയം
തകഴി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വഴിയോരവിശ്രമകേന്ദ്രവും പൊതു ശൗചാലയവും തുറന്നുകൊടുക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. തകഴി ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന പരിപാടിയിൽ ഉൾപ്പെടുത്തി 2020-2021 ൽ നിർമ്മാണം പൂർത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവുമാണ് ഇഇിയും പൊതു ജനങ്ങൾക്ക് ഉപകാരപ്പെടാത്തത്.
നിലവിൽ പഞ്ചായത്ത് ജീവനക്കാർ അവർക്കു മാത്രമായി ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്. യാത്രക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവരും പഞ്ചായത്തിൽ വിവിധ ആതശഞ്ഞയങ്ങൾക്കായി എത്തുന്നവരും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്.
വഴിയോരവിശ്രമകേന്ദ്രവും പൊതു ശൗചാലയവും അടിയന്തരമായി പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ ശക്തമായ സമരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുമെന്ന് തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹൻ, സെക്രട്ടറി ബൈജു നാറാണത്ത് എന്നിവർ പറഞ്ഞു.