കാസർകോട്: കാസർകോട് കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന തട്ടിപ്പിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ (55), പറക്ളായി ഏഴാംമൈൽ സ്വദേശി ഗഫൂർ (26), ബേക്കൽ മൗവ്വൽ സ്വദേശി ബഷീർ (60) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി കെ രതീശന്റെ റിയൽ എസ്റ്റേറ്റ് ഇടപാടിലെ പങ്കാളികളാണ് അറസ്റ്റിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിയ സ്വർണം പണയംവച്ചത് ഇവരാണ്. സൊസൈറ്റി സെക്രട്ടറിയായ രതീശൻ ഇവർക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകൾ പൊലീസ് കണ്ടെത്തിയിരുന്നു.കെ രതീശൻ ബംഗളൂരുവിൽ നിന്നു മുങ്ങിയതായാണ് വിവരം. ഇയാൾ ഹാസനിൽ ഉണ്ടെന്ന സൂചനയെത്തുടർന്ന് ആദൂർ പൊലീസ് അവിടെ എത്തിയിട്ടുണ്ട്.
സഹകരണ സംഘത്തിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പയെടുത്തെന്ന പരാതിയിലാണ് സെക്രട്ടറി കെ രതീശനെതിരെ കേസെടുത്തിരിക്കുന്നത്. ആദൂർ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് നടപടി. രതീശൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോർപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് ഏഴ് ലക്ഷം രൂപ വരെ അനുവദിച്ചത്.
ജനുവരി മുതൽ നിരവധി തവണകളായാണ് വായ്‌പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു.