തൊടുപുഴ: വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാൻ രണ്ട് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സ്‌കൂൾ വിപണിയിൽ തിരക്കേറി. നോട്ട് ബുക്ക്, ബാഗ്, കുട, ചെരിപ്പ്, പെൻസിൽ, പേന, യൂണിഫോം തുടങ്ങി റെയിൻ കോട്ടിനടക്കം മികച്ച വിൽപ്പനയാണ് നടക്കുന്നത്. കഴിഞ്ഞമാസം വിപണികൾ ആരംഭിച്ചിരുന്നുവെങ്കിലും കനത്തവെയിൽ കച്ചവടത്തിന് തിരിച്ചടിയായി. ഇത്തവണ വിവിധ ഉത്പന്നങ്ങൾക്ക് 15- 20 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. നിലവിൽ വൈകിട്ട് മുതലാണ് വിപണിയിൽ തിരക്കേറുന്നത്. മേയ് അവസാന ദിവസങ്ങളിൽ രാവിലെ മുതൽ തിരക്ക് ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
വിദ്യാർത്ഥികളെ ആകർഷിക്കുന്ന നിറത്തിലും ഡിസൈനിലും ബാഗുകളും കുടകളും ബുക്കുകളുമൊക്കെ വിപണിയിൽ നിറഞ്ഞു കഴിഞ്ഞെങ്കിലും വില രക്ഷിതാക്കളുടെ പോക്കറ്റ് കീറുന്നതാണ് വിലവിവരം. താരതമ്യേന വിലക്കുറവുള്ള ഉത്പന്നങ്ങളുമായി ത്രിവേണി സ്‌കൂൾ മാർക്കറ്റുകൾ ഇത്തവണ വളരെ നേരത്തെ ആരംഭിച്ചിരുന്നു. ചില സ്ഥലങ്ങളിൽ 50 ശതമാനത്തിന് മുകളിൽ പഠനോപകരണങ്ങൾ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. വിപണിയിലെ തിരക്ക് മുന്നിൽക്കണ്ട് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, സഹകരണ സംഘങ്ങൾ തുടങ്ങി സൂപ്പർ മാർക്കറ്റുകൾ വരെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, പൊതുവിപണിയോടൊപ്പം ഓൺലൈനിലും കച്ചവടം തകൃതിയാണ്. ആളുകൾ കൂടുതലായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് ചെറുകിട കച്ചവടക്കാർക്ക് ഭീഷണിയാകുന്നതായും വ്യാപാരികൾ പറയുന്നു. കനത്തചൂടിൽ ആൾക്കാർ പുറത്തിറങ്ങാൻ തയാറാകാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പുത്തനുടുപ്പും ഫാൻസി ബാഗും കളർഫുൾ കുടകളുമൊക്കെയായി വ്യാപാരികൾ കാത്തിരിക്കുകയാണ്.
കാർട്ടൂൺ കഥാപാത്രങ്ങൾ
മുതൽ എൽ.ഇ.ഡി വരെ
ഇന്ത്യൻ നിർമിത സാധനങ്ങളാണ് വിപണിയിൽ കൂടുതലും വിൽപ്പനയ്ക്കായി എത്തിയിട്ടുള്ളത്. കുട്ടികളുടെ ബാഗുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളാണ് താരങ്ങൾ. കൂടാതെ കൊറിയൻ സംഗീതട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങൾ പതിച്ച ബാഗുകൾക്കും ആവശ്യക്കാരുണ്ട്. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 രൂപ മുതൽ 2,500 രൂപ വരെയാണ് വില. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. ട്രോളി സ്‌കൂൾ ബാഗുകൾക്കും ഇത്തവണ ഡിമാൻഡ് കൂടിയിട്ടുണ്ട്. കുട്ടികളുടെ ചുമലിലെ ഭാരം കുറയ്ക്കുമെന്നതാണ് ഇവയ്ക്ക് പ്രിയം കൂടാൻ കാരണം. പെൻസിൽ ബോക്സുകൾക്ക് 100 രൂപ മുതലും നോട്ട് ബുക്ക് ചെറുതിന് 25 രൂപ മുതലുമാണ് വില.
മഴയെത്തും മുമ്പേ
കുട നിവർത്തി
പകൽ പൊള്ളിത്തുടങ്ങിയതോടെ ഇത്തവണ മാർച്ച് മുതൽ കുടകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഡിമാൻഡ് ഏറിയതിനെ തുടർന്ന് വിപണിയിൽ ഇടക്കാലത്ത് ക്ഷാമവും നേരിട്ടു. സ്‌കൂൾവിപണി ലക്ഷ്യമാക്കി കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ കരുതിയതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിച്ചു. മഴവിൽകുട, കൊറിയൻ മ്യൂസിക് ബാൻഡിന്റെ ഡിസൈനിലുള്ള ബി.ടി.എസ് കുടകൾ, പ്രിന്റഡ് കുടകൾ എന്നിങ്ങനെ നീളുന്നു കുടകളിലെ വൈവിദ്ധ്യങ്ങൾ. ശരാശരി 300 രൂപ മുതലാണ് വില. ഇതിൽ എൽ.ഇ.ഡി ലൈറ്റ് വരുന്ന കുടയ്ക്ക് 600 രൂപയാണ് നിരക്ക്. 280 മുതൽ 2000 രൂപവരെ വിലയുള്ള കുടകൾ വിപണിയിലുണ്ട്. മൂന്ന്, അഞ്ച് ഫോൾഡുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാർ ഏറെയാണ്. ത്രീഫോൾഡ് കുടകളുടെ വിവിധ മോഡലുകളുമായി വൻകിട കമ്പനികളും വിപണിയിൽ വരവറിയിച്ചു.