k-surendran

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിൻ്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കുഞ്ഞിന് അർഹമായ നഷ്ടപരിഹാരം നൽകുകയും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. ഇത്തരത്തിലുള്ള ശസ്ത്രക്രിയ പിഴവുകൾ സംസ്ഥാനത്ത് നിത്യസംഭവങ്ങളാവുകയാണ്.

കോഴിക്കോട് തന്നെ ഇതിന് മുമ്പും വലിയ പിഴവുകളുണ്ടായിട്ടുണ്ട്. ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിപ്പോയ ഞെട്ടിക്കുന്ന സംഭവം കേരളം കണ്ടു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സിപിഎമ്മുകാരനായ താത്ക്കാലിക ജീവനക്കാരൻ പീഡിപ്പിച്ചതും അതിനെതിരെ പ്രതികരിച്ച വനിതാ ഉദ്യോഗസ്ഥയെ സർക്കാർ വേട്ടയാടിയതും രാജ്യം കണ്ടതാണ്.

പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സർക്കാർ ആശുപത്രികൾ നരകങ്ങളാവുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മെഡിക്കൽ കോളേജിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയ ചെയ്തത് മാറിപ്പോയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചികിത്സയ്ക്കുശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർഡ് ചെയ്തു. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിത്. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കുമെന്നാണ് വിവരം.