ksrtc

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക, ലോംഗ് റൂട്ട് ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്‌മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക എന്നിവയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെ തന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.

പദ്ധതിയെ സംബന്ധിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍

  1. ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം.

2. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം.

3. വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യം റസ്റ്റോറന്റുകളില്‍ ഉണ്ടായിരിക്കണം.

4. ഭക്ഷ്യ സുരക്ഷ, ഫയര്‍ ആന്റ് റെസ്ക്യൂ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

5. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുക.

  1. കേരളത്തില്‍ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണ രീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ ഉച്ചയ്ക്ക് ഊണ് ഒരു വിഭവമായി ഉള്‍പ്പെടുത്തുക.

7. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുക.

8. ലൈസന്‍സ് കാലയളവ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 5 വര്‍ഷത്തേക്ക് ആയിരിക്കും.

9. നിര്‍ദിഷ്ട റസ്റ്റോറന്റുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വ്വഹിക്കേണ്ടതാണ്.