ks

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിൻ്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണ്. ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കുഞ്ഞിന് അർഹമായ നഷ്ടപരിഹാരം നൽകുകയും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. ഇത്തരത്തിലുള്ള ശസ്ത്രക്രിയ പിഴവുകൾ സംസ്ഥാനത്ത് നിത്യസംഭവങ്ങളാവുകയാണ്.

കോഴിക്കോട് തന്നെ ഇതിന് മുമ്പും വലിയ പിഴവുകളുണ്ടായിട്ടുണ്ട്. ആലപ്പുഴയിലും സമാനമായ സംഭവമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിപ്പോയ ഞെട്ടിക്കുന്ന സംഭവം കേരളം കണ്ടു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സിപിഎമ്മുകാരനായ താത്ക്കാലിക ജീവനക്കാരൻ പീഡിപ്പിച്ചതും അതിനെതിരെ പ്രതികരിച്ച വനിതാ ഉദ്യോഗസ്ഥയെ സർക്കാർ വേട്ടയാടിയതും രാജ്യം കണ്ടതാണ്. പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സർക്കാർ ആശുപത്രികൾ നരകങ്ങളാവുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.