gold-loan

കൊച്ചി: വിപണിയില്‍ സ്വര്‍ണത്തിന് വില അരലക്ഷവും കടന്ന് മുന്നേറിയിട്ടും വില്‍പ്പന കൂടുന്നതല്ലാതെ കുറയുന്നില്ല. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലും വില കുറയില്ലെന്ന ഉറപ്പുമാണ് വിപണിയിലെ ഈ പ്രവണതയ്ക്ക് കാരണം. നിനച്ചിരിക്കാതെ വരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സ്വര്‍ണം കൈയിലുള്ളത് മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യം നടക്കാന്‍ സഹായിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് റെക്കോഡ് വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അരലക്ഷത്തിന് മുകളിലാണ് ഒരു പവന് വില. ജ്വല്ലറികളില്‍ ആഭരണം വാങ്ങാനെത്തിയാല്‍ പണിക്കൂലി, ജിഎസ്ടി ഒക്കെ ചേര്‍ത്ത് 60,000 രൂപ വരെ നല്‍കേണ്ടി വരും. 2024 ഏപ്രിലില്‍ മാത്രം സ്വര്‍ണ വിലയില്‍ ആഭ്യന്തര വിപണിയില്‍ 7.60 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വീടുകളില്‍ ഏകദേശം 27,000 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് എടുത്ത് പരിശോധിച്ചാല്‍ വര്‍ദ്ധനവ് ഏഴ് ശതമാനത്തിന് അടുത്താണ്.

സ്വര്‍ണം പണയം വച്ച് പണം വായ്പയായി എടുക്കുകയാണ് അത്യാവശ്യ സാമ്പത്തിക കാര്യങ്ങള്‍ക്ക് നമ്മളെല്ലാം ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ലാഭമാണോ നഷ്ടമാണോ എന്ന് പലര്‍ക്കും കൃത്യമായി അറിയില്ലെന്നതാണ് വസ്തുത. മറ്റ് വായ്പകളുമായി തട്ടിച്ച് നോക്കുമ്പോള്‍ പ്രയാസങ്ങളില്ലാതെ എളുപ്പത്തില്‍ പാസാക്കി കിട്ടുമെന്നത് തന്നെയാണ് സ്വര്‍ണ വായ്പകള്‍ വര്‍ദ്ധിക്കുന്നതിനുള്ള ഒന്നാമത്തെ കാരണം. ആകെയുള്ള 27,000 ടണ്‍ സ്വര്‍ണത്തില്‍ 5300 ടണ്‍ പണയ വച്ച് വായ്പയെടുക്കുന്നതിനായി ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്.

നിലവിലെ സ്വര്‍ണ വിലയുടെ പശ്ചാത്തലത്തില്‍ പണയം വച്ച് വായ്പയെടുക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. വിപണി വിലയുടെ 75 ശതമാനം വരെ വായ്പയായി നല്‍കാന്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധിക്കും. വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സ്വര്‍ണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതല്‍ വായ്പയെടുക്കാനും എടുത്ത വായ്പ ടോപ് അപ്പ് ചെയ്യാനും കഴിയും എന്നതും സ്വര്‍ണ വായ്പകളെ ആകര്‍ഷകമാക്കുന്നു.

അതേസമയം, സ്വര്‍ണം പണയം വച്ച് വായ്പയെടുക്കുമ്പോള്‍ തിരിച്ചടവ്, പലിശ, പലിശയിലെ കാലാവധി കഴിഞ്ഞുള്ള വര്‍ദ്ധനവ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൂടുതല്‍ പണം വായ്പയായി ലഭിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കണമെന്ന് മാത്രമല്ല, നിശ്ചിത കാലാവധി കഴിയുമ്പോള്‍ പലിശയില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യും. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് സ്വര്‍ണ വായ്പ ഉപയോഗപ്രദമാണ്. മറ്റ് പല വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല.

പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ അനുവദിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രാഥമികമായി പരിശോധിക്കുന്നത്. ക്രെഡിറ്റ് പരിശോധനയില്ലാതെ വായ്പ ലഭിക്കുമെങ്കിലും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതില്‍ സ്വര്‍ണ വായ്പയ്ക്ക് വലിയ പങ്കുണ്ട്. ഒന്നാമതായി സിബില്‍ സ്‌കോര്‍ വര്‍ദ്ധിപ്പിക്കാന്‍ സ്വര്‍ണ വായ്പയെടുക്കുന്നത് നല്ലതാണ്.

എന്നാല്‍ പലിശയും കാലാവധിക്കുള്ളില്‍ മുഴുവന്‍ തുകയും ഒടുക്കി സ്വര്‍ണം തിരിച്ചെടുക്കാതിരിക്കുകയോ വായ്പ പുതുക്കി എടുക്കാതിരിക്കുകയോ ചെയ്താല്‍ വിപരീതഫലമായിരിക്കും ഉണ്ടാകുക. അതൊടൊപ്പം തന്നെ ലോണ്‍ ക്ലോസ് ചെയ്താല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ 'ക്ലോസ്ഡ്' എന്ന് റിഫ്‌ളക്റ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം.