തൃശൂർ: ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്തതും സൗകര്യപ്രദവുമായ നികുതി പേയ്‌മെൻ്റ് സംവിധാനങ്ങൾ ഒരുക്കിട് ധനലക്ഷ്മി ബാങ്കിൽ ജി.എസ്.ടി പേയ്‌മെന്റ്് സേവനങ്ങൾ ആരംഭിച്ചു. ചരക്ക് സേവന നികുതി ശൃംഖല (ജി.എസ്.ടി.എൻ) പോർട്ടലുമായി സംയോജിപ്പിച്ചുകൊണ്ടാണ് സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇടപാടുകാർക്ക് ഓൺലൈനായും ധനലക്ഷ്മി ബാങ്കിന്റെ ശാഖകൾ മുഖേനയും ജി.എസ്. ടി അടക്കാം.
കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾക്കായി പ്രത്യക്ഷ-പരോക്ഷ നികുതികൾ ശേഖരിക്കുന്നതിന് ധനലക്ഷ്മി ബാങ്കിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കസ്റ്റംസ് പോർട്ടലുമായി സംയോജിപ്പിച്ച് റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ കസ്റ്റംസ് ഡ്യൂട്ടി പേയ്‌മെന്റ് സേവനങ്ങൾ ബാങ്ക് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്നും ജി.എസ്.ടി സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ബാങ്കിംഗ് സ്വീകാര്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശിവൻ ജെ. കെ. പറഞ്ഞു.