cinema

മലയാള സിനിമ മേഖലയിലേക്ക് എത്തിയ കാലത്ത് മോഹന്‍ലാലുമായി ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. ലാലേട്ടനൊപ്പം 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവമാണ് നടന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഷാജോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിഐഡി രാമചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.

മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിലെ ഒരു സീനില്‍ ഡയലോഗ് മുഴുവനും തനിക്കായിരുന്നു. ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി മുഴുവന്‍ ഡയലോഗും ഒറ്റയടിക്ക് കാണാതെ പഠിച്ചു. ആ സീനില്‍ ലാലേട്ടന് ഡയലോഗ് ഉണ്ടായിരുന്നില്ലെന്നും എക്‌സ്‌പ്രെഷന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നടന്‍ പറയുന്നു.

'സിദ്ദിഖ് ഇക്ക ആയിരുന്നു പടത്തിന്റെ ഡയറക്ടര്‍, ആ സീന്‍ എടുക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഡയലോഗ് മുഴുവനും കാണാതെ പഠിച്ചു. അവസരം മുതലെടുക്കാനായി ഒറ്റ ടേക്കില്‍ തന്നെ പഠിടച്ച ഡയലോഗ് മുഴുവന്‍ പറഞ്ഞു. സിദ്ദിഖ് ഇക്ക കട്ട് പറഞ്ഞതും ഞാന്‍ ലാലേട്ടന്റെ അഭിനന്ദനം കേള്‍ക്കാന്‍ കാത്തുനിന്നു. പക്ഷേ ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ അപ്പോള്‍ അങ്ങോട്ട് പോയി ചോദിച്ചു എങ്ങനെയുണ്ടായിരുന്നു എന്ന്, നീ നന്നായി ഡയലോഗ് പറഞ്ഞു എന്നായിരുന്നു ലാലേട്ടന്റെ മറുപടി' ഷാജോണ്‍ പറഞ്ഞു.

പിന്നീട് അതല്ല അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്‍ തിരിച്ച് ചോദിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു. അങ്ങനെ പറഞ്ഞ ശേഷം ഓരോ ഡയലോഗ് പറയുമ്പോഴും എങ്ങനെയാണ് ബിഹേവ് ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ പഠിപ്പിച്ചു തന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.