ഹൈദരാബാദ്: രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ മഴ തോരാതെ പെയ്തപ്പോള്‍ ടോസ് പോലും ഇടാനാകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിച്ചു. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടപ്പോള്‍ 13 മത്സരങ്ങളില്‍ നിന്ന് ആകെ 15 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ കൊല്‍ക്കത്ത ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
തോരാതെ പെയ്ത മഴ ഇടയ്‌ക്കൊന്ന് ശമിച്ചെങ്കിലും ഗ്രൗണ്ട് സ്റ്റാഫ് ജോലി ആരംഭിക്കാനൊരുങ്ങുന്നതിനിടെ വീണ്ടും പെരുമഴയെത്തി. സമയം പത്ത് മണി കഴിഞ്ഞിട്ടും മഴ നില്‍ക്കാതായതോടെ അഞ്ച് ഓവര്‍ വീതമുള്ള മത്സരമെങ്കിലും നടത്താമെന്ന പ്രതീക്ഷയും അവസാനിച്ചു. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ 14 പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലുള്ള റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേഓഫ് കാണാതെ പുറത്തായി.
നാലാമത്തെ ടീമായി പ്ലേഓഫില്‍ പ്രവേശിക്കാന്‍ ഇനി സാദ്ധ്യതയുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകള്‍ക്കാണ്. ഇരുവരും തമ്മില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഫലത്തില്‍ ഒരു നോക്കൗട്ട് മത്സരമായി മാറും. ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 200 ആണെങ്കില്‍ ആര്‍സിബിക്ക് അത് 18.1 ഓവറില്‍ പിന്തുടര്‍ന്ന് വിജയിക്കുകയോ 18 രണ്‍സിന് വിജയിക്കുകയോ ചെയ്താല്‍ നാലാമത്തെ ടീമായി യോഗ്യത ഉറപ്പിക്കാം. അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യോഗ്യത നേടും.
ഹൈദരാബാദിനെ സംബന്ധിച്ച് പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം. അവസാന മത്സരത്തില്‍ അവര്‍ പഞ്ചാബിനെ തോല്‍പ്പിച്ചാലും കൊല്‍ക്കത്തയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെടണം. രാജസ്ഥാന്‍ വിജയിച്ചാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും. ആര്‍സിബിയെ പരാജയപ്പെടുത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രണ്ടാം സ്ഥാനത്ത് എത്താം. പക്ഷേ ഹൈദരാബാദ്, രാജസ്ഥാന്‍ എന്നിവര്‍ അവരുടെ അവസാന മത്സരങ്ങള്‍ തോല്‍ക്കണം.