s

ഇന്ന് ഏത് വീട്ടിലും ഏത് സ്ഥലത്ത് പോയാലും കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ കൈയിൽ കാണാവുന്ന ഒന്നാണ് സ്മാർട്ട് ഫോണുകൾ. എന്നാൽ സ്മാർട്ട് ഫോണുകൾ കാരണമുണ്ടാകുന്ന ചില പ്രശ്നങ്ങളും അറിയാതെ പോകരുത്. അതിലൊന്നാണ് സ്മാർട്ട് ഫോൺ ഫിംഗർ അഥവാ ഐ ഫോൺ ഫിംഗർ എന്ന ആരോഗ്യാവസ്ഥ. സ്മാാർട്ട് ഫോണുകളുടെ അമിതമായ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന പൊതുവായ ശാരീരിക അസ്വാസ്ഥ്യങ്ങളെയോ ബുദ്ധിമുട്ടുകളെയോ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. സ്മാർട്ട് ഫോണുകൾ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതിനാൽ സമീപ വർഷങ്ങളിൽ ഈ അവസ്ഥ കൂടുതൽ സാധാരണമായിരിക്കുന്നു. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കൈവിരലുകളുടെ ഷേപ്പിൽ മാറ്റങ്ങൾ വരുത്താമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

സ്ക്രീനിൽ ടൈപ്പു ചെയ്യുമ്പോഴോ സ്വൈപ്പു ചെയ്യുമ്പോഴോ ടാപ്പു ചെയ്യുമ്പോഴോ ആവർത്തിച്ചുള്ള എല്ലാ ചലനങ്ങളും നിങ്ങളുടെ ചെറുവിരലിന് മാറ്റം വരുത്തുന്നു. ഐ ഫോൺ ഫിംഗർ എന്നും പറയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ കൈവിരലുകളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

ടിക്ക് ടോക്കിൽ ഷെയർ ചെയ്ത ടി.ജെ ഷോയുടെ മാർച്ച് മാസത്തെ എപ്പിസോഡിലാണ് ഈ പ്രതിഭാസത്തെക്കുറിച്ച് നവലിയ രീതിയിൽ ചർച്ച ചെയ്യുന്നത്. നിങ്ങൾ ഫോണുകൾ പിടിക്കുന്ന രീതി കാരണം സ്മാർട്ട് ഫോണുകളുടെ ഭാരം നമ്മുടെ ചെറുവിരലുകൾ താങ്ങുന്നുവെന്നും ഇത് ചെറുവിരലുകളുടെ ആകൃതിയിൽ വ്യത്യാസമുണ്ടാക്കുമെന്നാണ് ഷോയിൽ ചിലർ പറയുന്നത്.

ഒക്യുപേഷണൽ തെറാപ്പിസ്റ്റായ ആൻഡ്രു ബാക്കൻ പറയുന്നതനുസരിച്ച് ഐ ഫോൺ ഫിംഗർ എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. ഔദ്യോഗികമായി ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ക്യൂബിറ്റൽ ടണൽ സിൻഡ്രോം, കാർപ്പൽ ടണൽ സിൻഡ്രോം എന്നിവ അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കാരണമുണ്ടാകാം എന്നും അദ്ദേഹം പറയുന്നു.

ഇടവേളകളില്ലാതെയുള്ള ഫോൺ ഉപയോഗം കൈയ്ക്കും വിരലുകൾക്കും മരവിപ്പും വേദനയും ഉണ്ടാക്കും. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗം സന്ധികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്ലിനോഡോക്ടിലി പോലുള്ള ജനിതക പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. ചെറുവിരലിന്റെ അറ്റം മോതിരവിരലിനോട് അടുത്ത് വളഞ്ഞു നിൽക്കുന്ന അവസ്ഥയാണിത്. എന്നാൽ ഇവയ്ക്ക് സ്മാർട്ട് ഫോൺ ഉപയോഗവുമായി നേരിട്ട് ബന്ധമില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സ്മാർട്ട് ഫോൺ ഫിംഗർ ചെറുക്കാൻ സാധിക്കും. ചെറുവിരലിന് മേലുള്ള ഭാരം കുറയ്ക്കാൻ പോപ് സോക്കറ്റുകൾ ഉപയോഗിക്കാം. ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗം.