money

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം തന്നെ ടെലികോം നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന സൂചന ശക്തമാകുന്നു. ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികോം നിരക്കില്‍ വര്‍ദ്ധനവിന് കമ്പനികള്‍ തയ്യാറെടുക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരാനാണ് സാദ്ധ്യത. ഇപ്പോഴത്തെ നിരക്കില്‍ നിന്ന് 25 ശതമാനം വരെ താരിഫില്‍ മാറ്റം വരാനാണ് സാദ്ധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൊബൈല്‍ കാളുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ ഒരുങ്ങുകയാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജുകള്‍ ഉയര്‍ത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രധാന കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ(വി) എന്നീ കമ്പനികളുടെ നിലപാട്. സ്‌പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്ത് താരിഫ് വര്‍ദ്ധന അനിവാര്യമാണെന്ന് കമ്പനികള്‍ പറയുന്നു.

ആഗോള ടെലികോം വിപണിയില്‍ നിലവില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള പ്രതിയോഹരി വരുമാനം(എ.ആര്‍.പി.യു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് ഉയര്‍ത്തിയില്ലെങ്കില്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നും അവര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെലികോം നിരക്കുകള്‍ ചുരുങ്ങിയത് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വ ൈഉയരുമെന്നാണ് വിലയിരുത്തുന്നത്. പ്രതിയോഹരി വരുമാനം മുന്നൂറ് രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികാേം സേവനങ്ങള്‍ ലാഭകരമായി നല്‍കാനാവില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.


ജൂണ്‍ പകുതിയോടെയോ ജൂലായ് ആദ്യത്തോടെയോ രാജ്യത്ത് ടെലികോം താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ താരിഫ് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിരക്കില്‍ നിന്ന് 25 ശതമാനം വരെ ടെലികോം കമ്പനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 4ജി നിരക്കില്‍ ഈടാക്കുന്നത് 5ജി നിരക്കിലേക്ക് മാറും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

'2024 ജൂണോടെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും'.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈല്‍ താരിഫുകളില്‍ അവസാനമായി വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായത് 2021-ലാണ്. ചില സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്പനികള്‍ താരിഫ് പരിഷ്‌കരിച്ചിരുന്നു.

ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സര്‍വീസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും കമ്പനികള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും 25 ശതമാനം നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ അത് ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ വലിയരീതിയില്‍ ബാധിക്കും.