നാദാപുരം: പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയ പ്രതിക്ക് 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രതീഷിനെ (25) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
നരിപ്പറ്റ കമ്പനി മുക്കിലെ വാടകവീട്ടിൽ താമസിച്ചു വരുകയായിരുന്ന രതീഷ് 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായാണ് പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. സംഭവമറിഞ്ഞ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലും പിന്നീട് കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് മാനഭംഗ വിവരം പുറത്തറിയുന്നത്. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർമാരായ കെ.രാജീവ് കുമാർ, ഫർഷാദ് ടി.പി. എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.