കണ്ണ് തുറക്കാതെ അധികൃതര്‍
കൊല്ലം: മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഓടകളില്‍ വീണ് എപ്പോള്‍ വേണമെങ്കിലും അപകടം പറ്റാവുന്ന സ്ഥിതിയാണ്. സ്ലാബുകള്‍ മാറ്റിയിടാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളായ ശാരദാമഠത്തിന് എതിര്‍വശത്തും കൊല്ലം വാട്ടര്‍ അതോറിട്ടി ഓഫീസിന് സമീപത്തും ചിന്നക്കടയില്‍ നിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും, ജില്ലാ ജയിലിന് സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകള്‍ തകര്‍ന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും പ്രായമായവരും ഉള്‍പ്പെടെ ദിനം പ്രതി നൂറുകളക്കിനാളുകളാണ് ഈ ഭാഗങ്ങളിലൂടെ കടന്നു പോകുന്നത്. സ്ലാബുകളുടെ ഒരു വശം ഉയര്‍ന്നിരിക്കുന്നതും സ്ലാബുകള്‍ക്കിടയില്‍ വിടവുള്ളതും അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
ശാരദാമഠത്തിന് എതിര്‍വശത്ത് ഓടയുടെ സ്ലാബ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാട്ടര്‍ അതോറിട്ടി ഓഫീസിന് സമീപത്ത് ക്രമം തെറ്റിയും തകര്‍ന്നും കിടക്കുന്ന സ്‌ളാബുകള്‍ക്കടുത്താണ് ആളുകള്‍ ബസില്‍ വന്നിറങ്ങുന്നതും കയറുന്നതും. ബസില്‍ നിന്ന് സൂക്ഷിച്ചിറങ്ങിയില്ലെങ്കില്‍ ഓടയില്‍ വീണ് പരിക്ക് പറ്റാവുന്ന സ്ഥിതിയാണ്.
പരാതിപ്പെട്ടു പക്ഷേ, ഫലമില്ല
രാത്രിയില്‍ വെളിച്ചക്കുറവ് മൂലം വഴിയാത്രക്കാര്‍ക്ക് സ്ലാബ് തകര്‍ന്നു കിടക്കുന്നത് പെട്ടെന്ന് കാണാനാകാതെ വരുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജനപ്രതിനിധികളോടടക്കം പരാതിപ്പെട്ടിട്ടും ഫലമില്ലെന്നും ഓടകള്‍ നന്നാക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നുമാണ് കാല്‍നടയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.