ചെന്നൈ: ഐപിഎൽ 2024 എഡിഷനിൽ പ്ളേ ഓഫ് പട്ടികയിലെ അവസാന സ്ഥാനത്തിനായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും അടുത്ത മത്സരം നിർണായകമാണ്. ഒരേയൊരു സ്ഥാനമാണ് ബാക്കിയുള്ളത്. ഇരു ടീമുകൾക്കുമൊപ്പം കെ എൽ രാഹുൽ നേതൃത്വം നൽകുന്ന ലക്‌നൗ സൂപ്പർ ജയന്റ്‌സുമുണ്ടെങ്കിലും ഇവർക്ക് നേരിയ സാദ്ധ്യത മാത്രമേയുള്ളൂ. ശനിയാഴ്‌ച നടക്കുന്ന മത്സരത്തിൽ നിലവിലെ പോയിന്റ് പട്ടികയനുസരിച്ച് ചെന്നൈയ്‌ക്ക് തന്നെയാണ് സാദ്ധ്യത കൂടുതൽ. 13 മത്സരങ്ങളിൽ ഏഴ് വിജയവും ആറ് തോൽവിയുമായി 14 പോയിന്റാണ് ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ടീമിനുള്ളത്. +0.528 ആണ് നെറ്റ് റൺറേറ്റ്.
ഫാഫ് ടു പ്ളെസി നേതൃത്വം നൽകുന്ന ആർ സിബിയ്‌ക്കാകട്ടെ 12 പോയിന്റാണുള്ളത്. മഴ സാദ്ധ്യത അടുത്ത മത്സരത്തിന് ഭീഷണിയാണ്. മഴപെയ്‌താൽ പോയിന്റുകൾ തുല്യമായി നൽകിയാൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ളേ ഓഫിലെത്തും. അതേസമയം ആർ സി ബിയ്‌ക്ക് മുന്നിലെത്തണമെങ്കിൽ അൽപം വലിയ കടമ്പയാണ് മുന്നിലുള്ളത്. ആദ്യം ബാറ്റ് ചെയ്‌താൽ ആർ സി ബി 200 റൺസിലധികം നേടണം. ഒപ്പം 18 റൺസിനെങ്കിലും ചെന്നൈയെ തോൽപ്പിക്കണം.17 റൺസിനോ അതിൽ കുറവ് റൺറേറ്റിനോ ആണ് വിജയമെങ്കിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു പുറത്താകും. 201 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ആർ സി ബിയ്‌ക്ക് 11 പന്ത് ബാക്കി നിൽക്കെ വിജയം നേടണം.
ലക്‌നൗവിന് പ്ളേ ഓഫ് നേടണമെങ്കിൽ അൽപം പ്രയാസകരമാണ്. എങ്കിലും ഇന്നത്തെ അവരുടെ അവസാന മത്സരത്തിൽ നല്ല മാർജിനിൽ മുംബയെ തോൽപ്പിച്ചാൽ നെറ്റ് റൺറേറ്റ് ഉയരും തുടർന്ന് ബംഗളൂരു-ചെന്നൈ മത്സരത്തിൽ ബംഗളൂരു ചെറിയ മാർജിനിലാണ് വിജയിക്കുന്നതെങ്കിൽ അതോടെ നെറ്റ് റൺറേറ്റ് ഭാഗ്യത്തിൽ ലക്‌നൗവിന് പ്ളേ ഓഫിലെത്താം.