bus

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ സർവീസ് നടത്തുകയാണ്. ഈ മാസം അഞ്ച് മുതലാണ് കോഴിക്കോട് മുതൽ ബംഗളൂരു വരെയും തിരിച്ചും സർവീസ് ആരംഭിച്ചത്. ഇതിനിടയിലാണ് ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

അത്തരം റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ഇപ്പോൾ. ചില കോണുകളില്‍ നിന്ന് ഇപ്പോഴും അസത്യ പ്രചരണം തുടരുകയാണെന്നും പ്രതിദിനം 46,000 രൂപയ്ക്ക് മുകളില്‍ വരുമാനം സര്‍വീസില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഗരുഡ പ്രീമിയം

സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു...

കയ്യൊഴിഞ്ഞോ..?

ചില കോണുകളില്‍ നിന്നും

ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്...

ഇത്തരത്തില്‍ ചില മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. 05.05 2024 ന് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആരംഭിച്ച ഗരുഡ പ്രീമിയം സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ 15.05.204 വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുകയാണ്. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്.

ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. 15.05.2024 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46000 രൂപയ്ക്ക് മുകളില്‍ വരുമാനം ടി സര്‍വീസില്‍ നിന്നും ലഭിക്കുന്നുണ്ട്.

സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണ്.