orthodox-church

കൊച്ചി: ക്‌നാനായ യാക്കാബോയ സുറിയാനി സഭയുടെ തലവൻ ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെൻഡ് ചെയ്‌തു. ഇന്നലെ ചേർന്ന യോഗത്തിന് പിന്നാലെയാണ് അന്ത്യോക്യ പാർത്രിയാക്കീസ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌‌തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അന്ത്യോക്യ പാർത്രിയാക്കിസ് നിർദ്ദേശങ്ങളെ വേണ്ടവിധം മാനിക്കാത്തതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു എന്നാണ് സൂചന.

അമേരിക്കയിൽ ‌ക്‌നാനായ വിഭാഗത്തിന്റെ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തെ പ്രവേശിപ്പിച്ച് അവരുടെതായ രീതിയിൽ ചടങ്ങുകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ ബിഷപ്പിനോട് വിശദീകരണം തേടിയിരുന്നു. ഇതോടൊപ്പം ഓർത്തഡോക്‌സ് സഭാംഗങ്ങൾക്ക് ക്‌നാനായ സഭാംഗങ്ങൾ സ്വീകരണവും നൽകിയിരുന്നു. അന്ത്യോക്യ‌ബന്ധം വിട്ട് ഓർത്തഡോക്‌സ് സഭയുമായി ബിഷപ്പ് അടുക്കുന്നതായി സഭയ്‌ക്ക് ഏറെ നാളായി തോന്നലുണ്ട്. ഇതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്. ഇതോടെയാണ് ഓൺലൈനായി കഴിഞ്ഞ ദിവസം വിശദീകരണ മീറ്റിംഗ് വിളിച്ചത്. എന്നാൽ മീറ്റിംഗിൽ ഈ വിഷയങ്ങളൊന്നും താനറിഞ്ഞില്ല എന്ന് ബിഷപ്പ് വ്യക്തമാക്കി. ഇതോടെയാണ് അദ്ദേഹത്തെ ചുമതലകളിൽ നിന്നും നീക്കി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

മുൻപ് വൈദികരുടെ സ്ഥാനമാറ്റമടക്കം വിഷയങ്ങളിലും ക്‌നാനായ സഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിന്റെ പേരിലും അദ്ദേഹത്തിനുണ്ടായിരുന്ന ആർച്ച് ബിഷപ്പ്, വലിയ മെത്രാപ്പൊലീത്ത സ്ഥാനങ്ങൾ അന്ത്യോക്യ പാർത്രിയാർക്കീസ് നീക്കിയിരുന്നു. സസ്‌പെൻഷൻ നടപടികൾക്കെതിരെ കോട്ടയത്ത് ചിങ്ങവനത്തെ സഭാ ആസ്ഥാനത്ത് ഒരുവിഭാഗം വിശ്വാസികൾ ശക്തമായ പ്രതിഷേധം നടത്തി.