ഹീലുളള ചെരിപ്പിട്ട് നടക്കാൻ ബുദ്ധിമുട്ടുളളവർ നമുക്കിടയിലുണ്ട്. സിനിമകളിൽ ചില കഥാപാത്രങ്ങൾ ഹീലുകളുളള ചെരുപ്പുകളിട്ട് തെന്നിവീഴുന്ന നിരവധി കോമഡി രംഗങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പത്തടിയോളം ഉയരമുളള കമ്പിൽ ചവിട്ടി രണ്ട് ചുവടെങ്കിലും വയ്ക്കുന്നത് നിങ്ങൾ സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറച്ച് കുട്ടികൾ ഉയരമുളള കമ്പുകൾക്ക് മുകളിൽ കാലുകളുറപ്പിച്ച് നടന്നുപോകുന്നതാണ് വീഡിയോയിലുളളത്. വീഡിയോ വൈറലായതോടെ കുട്ടികൾ എവിടെയുളളതാണ്?എന്തിനാണ് അവർ ഇത് ചെയ്യുന്നത് എന്ന ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.
Precautions taken by the Banna Tribe to protect themselves from poisonous snakes. pic.twitter.com/P4E0drblIJ
— Figen (@TheFigen_) May 15, 2024
എത്യോപ്യയിലെ 'ബന്ന' എന്ന ഗോത്രസമൂഹത്തിലെ ആളുകളാണ് ഇത്തരത്തിൽ ഉയരം കൂടിയ കമ്പുകളിൽ ചവിട്ടി നടക്കാറുളളത്. ഇതിനുപിന്നിൽ വിവിധ കാരണങ്ങൾ ഉണ്ട്. ഇവർ താമസിക്കുന്ന പ്രദേശങ്ങളിലും നടന്നുപോകുന്ന വഴികളിലും ഉഗ്ര വിഷമുളള പാമ്പുകളും വന്യമൃഗങ്ങളുമുണ്ട്. അവയിൽ നിന്ന് രക്ഷപ്പെടാനാണ് ബന്ന വിഭാഗം കമ്പിന്റെ സഹായം തേടുന്നത്. കുഞ്ഞുങ്ങൾക്ക് സ്വന്തമായി നടക്കാൻ കഴിയുന്ന കാലം മുതലേ മുതിർന്നവർ കമ്പിൽ ചവിട്ടി നടക്കാനുളള പരിശീലനം നൽകി തുടങ്ങും. ഇതല്ലാതെ മറ്റൊരു കാരണം കൂടിയുണ്ട്.
ബന്ന വിഭാഗം കാണപ്പെടുന്ന പ്രദേശം കൂടുതലും ചതുപ്പ് നിറഞ്ഞതാണ്. അതിനാൽ ഇവർ നടന്നുപോകുമ്പോൾ ചതുപ്പിൽ താഴ്ന്ന് പോകാനുളള സാദ്ധ്യത കൂടുതലാണ്. ഇതിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് കമ്പിൽ ചവിട്ടി നടക്കുന്നത്. ഈ ഗോത്രത്തിലുളളവർ കമ്പിൽ ചവിട്ടി നടക്കണമെന്നത് പാലിക്കേണ്ട കർശന നിയമം കൂടിയാണ്. ഇത്തരത്തിലുളള നിയമം അനുസരിച്ചില്ലെങ്കിൽ വളരെ ക്രൂരമായ ശിക്ഷയാണ് അനുഭവിക്കേണ്ടി വരുന്നത്.