'സിറ്റി ഓഫ് ലവ്', പാരിസ് നഗരത്തെ ലോകം സ്‌നേഹത്തോടെ വിളിക്കുന്ന പേരാണിത്. ഈ വർഷത്തെ ഒളിമ്പിക്സിന് പാരിസ് സാക്ഷ്യം വഹിക്കുന്നതോടെ 'പ്രണയനഗരം' വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്. ജൂലായ് 26ന് തിരി തെളിയുന്ന ഒളിമ്പിക്സ് ആഗസ്റ്റ് 11 വരെ നീണ്ടു നിൽക്കും. കായിക മാമാങ്കത്തിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുമ്പോൾ മറ്റൊരു ചർച്ചയ്ക്കാണ് വാർത്താ മാദ്ധ്യമങ്ങൾ പ്രധാന്യം നൽകുന്നത്. 2024 ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അനുവദിച്ച പ്രത്യേക തരം ബെഡ്ഡുകളാണ് ചർച്ചയ്ക്ക് ആധാരം.
'ആന്റി സെക്സ് ബെഡ്' എന്ന് വിളിപ്പേരുള്ള ഈ കിടക്കകൾ കായിക താരങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരുക്കിയിരിക്കുന്നത്. കാർഡ്‌ബോർഡുകൾ കൊണ്ട് നിർമ്മിച്ച ഈ കിടക്കകൾ കിടപ്പുമുറിയിലെ കായികതാരങ്ങളുടെ ഒരുമിച്ചുള്ള ഉറക്കം തടയുന്നതിന് വേണ്ടിയാണെന്ന പ്രചാരണമാണ് ഒരു ഭാഗത്ത് നടക്കുന്നത്. പതിനായിരത്തോളം വരുന്ന കായിക താരങ്ങളാണ് ഇത്തവണത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അവർക്ക് വേണ്ടിയാണ് ഇത്തരം ബെഡുകൾ ഒരുക്കിയിരിക്കുന്നത്. സത്യത്തിൽ എന്താണ് ആന്റി സെക്സ് ബെഡ്? എന്തുകൊണ്ടാണ് ഈ വിളിപ്പേര്?
'ആന്റി-സെക്സ് ബെഡും പാരിസ് ഒളിമ്പിക്സും
ചെറിയ വലുപ്പത്തിലുള്ള കിടക്കകളാണ് ആന്റി-സെക്സ് മെത്തകളായി ഉപയോഗിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ രണ്ട് കായിക താരങ്ങൾക്ക് ഈ കിടക്കയിൽ ഒരുമിച്ച് കിടക്കാൻ സാധിക്കില്ല. ജാപ്പനീസ് കമ്പനിയായ എയർവേവാണ് കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. 2020 ടോക്കിയോ ഒളിമ്പിക്സിലും ഈ കിടക്കകൾ ഉപയോഗിച്ചിട്ടുണ്ട്. എത്ര വലുപ്പമുള്ള ഒളിമ്പ്യൻമാർക്ക് പോലും ക്രമീകരിക്കാവുന്ന ഈ മെത്തകളിൽ സുഖമായി വിശ്രമിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ 200 കിലോ വരെ ഭാരം താങ്ങാനും ഏത് ശരീരപ്രകൃതിയുള്ളവർക്കും സുഖമായി വിശ്രമിക്കാനും ഈ മെത്തയിൽ സാധിക്കും.
ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കുമ്പോൾ അത്‌ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തടയാൻ ഈ മെത്തകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഓട്ടക്കാരനായ പോൾ ചെലിമോ അന്ന് ട്വിറ്ററിൽ ( ഇന്നക്കെ എക്സ്) കുറിച്ചിരുന്നു. ഇതോടെയാണ് ഈ മെത്തകൾക്ക് 'ആന്റി-സെക്സ് ബെഡ്' എന്ന വിളിപ്പേര് വന്നത്.
എന്താണ് ഇതിന് പിന്നിലെ സത്യം?
ഈ വർഷത്തെ ഒളിമ്പിക്സിൽ ഇത്തരം മെത്തകൾ തിരഞ്ഞെടുത്തതിന് അധികൃതർ നൽകിയ വിശദീകരണം, സുസ്ഥിരതയാണെന്ന് ഇൻസൈഡ് ദി ഗെയിംസ് റിപ്പോർട്ട് ചെയ്യുന്നു. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന ഈ മെത്തകളും കാർഡ്‌ബോർഡ് ഫ്രെയിമുകളും മാലിന്യത്തെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. മത്സരത്തിന് ശേഷം ഈ കിടക്കകൾ പേപ്പർ ഉത്പന്നങ്ങളായി മാറ്റും. കൂടാതെ കട്ടിലിന്റെ ഘടകങ്ങൾ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി പുനരുപയോഗിക്കാൻ സാധിക്കും. ഒളിമ്പിക്സ്, പാരാലിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് എല്ലാ കിടക്കകളും പൂർണ്ണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളിൽ നിർമ്മിക്കുന്നത്.
കൂടാതെ, 2021ൽ ഇത്തരം കിടക്കകൾ എയർവേവ് കമ്പനി അവതരിപ്പിച്ചപ്പോൾ പറഞ്ഞത്, കാർഡബോർഡ് കിടക്കകൾ യഥാർത്ഥത്തിൽ മരം അല്ലെങ്കിൽ സ്റ്റീൽ കൊണ്ട് നിർമ്മിച്ചതിനേക്കാൾ ശക്തമാണ് എന്നാണ്. കൂടാതെ ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ലെനാഗനും 'ആന്റി-സെക്സ് ' കിടക്കകളാണെന്ന അവകാശവാദത്തെ തള്ളി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള വാദങ്ങൾ എല്ലാം വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കിടക്കയുടെ ബലം എത്രത്തോളമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
'ഈ കിടക്കകൾ 'ആന്റി-സെക്സ്' ന് വേണ്ടിയാണെന്നാണ് എല്ലാവരും കരുതുന്നത്. ഇവ കാർഡ്‌ബോർഡ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതെ, പ്രത്യക്ഷത്തിൽ അവ ഏത് പെട്ടെന്നുള്ള ചലനത്തിലും തകർക്കാനാവുമെന്നും കരുതും... എന്നാൽ ഇത് വ്യാജമാണ്! വ്യാജ വാർത്ത'- റൈസ് മക്ലെനാഗൻ പറയുന്നു. കിടക്കയെ കുറിച്ചുള്ള മിഥ്യാ ധാരണ പൊളിച്ചതിന് ഒളിമ്പിക് അധികൃതരും മക്ലെനാഗന് നന്ദി പറഞ്ഞിരുന്നു.