work

മുംബയ്: ഓൺലൈൻ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ വീട്ടമ്മയ്‌ക്ക് നാല് ദിവസത്തിൽ 54 ലക്ഷം രൂപ നഷ്ടമായെന്ന് പരാതി. നവി മുബയിലെ എയ്‌റോളിയിലാണ് സംഭവം. 37 വയസുകാരിയും ഗർഭിണിയുമായ യുവതിയാണ് വീട്ടിലിരുന്ന് ജോലി ചെയ്‌ത് പണമുണ്ടാക്കാൻ ശ്രമിച്ച് ചതിയിൽ അകപ്പെട്ടത്.

പ്രസവ അവധിയിലായിരുന്ന യുവതി, ഈ സമയം വീട്ടിലിരുന്ന് അധിക വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഫ്രീലാൻസ് ജോലി വാഗ്ദാനം ചെയ്‌ത് ഓൺലൈൻ തട്ടിപ്പുകാർ യുവതിയെയും കെണിയിൽപ്പെടുത്തുകയായിരുന്നു. കമ്പനികൾക്കും റസ്റ്റോറന്റുകൾക്കും റേറ്റിംഗ് നൽകുന്നതുപോലെ ലളിതമായ ജോലികളാണ് സംഘം യുവതിക്ക് നൽകിയത്.

അഞ്ച് ടാസ്‌കുകൾ തീർത്ത് കഴിയുമ്പോൾ നിശ്ചിത തുക പ്രതിഫലമായി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീടാണ് ഇവരുടെ നിർദേശ പ്രകാരം പല ബാങ്ക് അക്കൗണ്ടുകളിലായി 54,30,000 രൂപ ട്രാൻസ്‌ഫർ ചെയ്‌ത് കൊടുത്തത്. മേയ് ഏഴിനും പത്തിനും ഇടയിലാണ് ഇത്രയും തുക നൽകിയതെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്.

എന്നാൽ, പിന്നീട് ഇവരെ ആരെയും ബന്ധപ്പെടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ നവി മുംബയ് സൈബർ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതരായ നാല് വ്യക്തികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

കേസന്വേഷണം തുടരുകയാണ്. ഓൺലൈൻ ജോലികൾ അന്വേഷിച്ച് തട്ടിപ്പിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.