
കുന്നംകുളം: നഗരത്തിൽ നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയെ കൊണ്ടുപോയത് പിതാവാണെന്ന നിഗമനത്തിലാണ് പൊലീസ്. നാടോടി വിഭാഗത്തിൽപ്പെട്ട നിലവിൽ തൃശൂരിൽ താമസക്കാരായ ഷമീറയുടെ മകൾ നാലു വയസുള്ള അതുല്യയെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് 6.25 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് തൃശൂരിലേക്ക് പോകാനായി കുന്നംകുളത്തെത്തി സമീപത്തെ വ്യാപാരസ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെ കുട്ടിയെ പെട്ടെന്ന് ഒരാളെടുത്തുകൊണ്ട് ഓടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് എടുത്തുകൊണ്ടു പോയതെന്ന നിഗമനത്തിൽ പൊലീസെത്തിയത്. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പരാതിയിൽ മേഖലയിലെ സി.സി.ടി.വി ക്യാമറകളും യുവാവിന്റെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.