കൊച്ചി: പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്. തൃശൂർ സ്വദേശിയായ യുവാവ് ഒളിവിലാണ്. തുടർ നടപടികൾക്കായി സൗത്ത് പൊലീസ് കേസ് ഹിൽപാലസ് പൊലീസിന് കൈമാറി.

തൃപ്പൂണിത്തുറയിൽ വച്ച് പീഡനം നടന്നതിനാലാണ് കേസ് ഹിൽപാലസ് പൊലീസിന് കൈമാറിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താൻ ഗ‌ർഭിണിയായെന്ന് അറിഞ്ഞതോടെ യുവാവ് പിന്മാറിയെന്ന് യുവതി മൊഴി നൽകി. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ലെന്ന് യുവതി പൊലീസിനൊട് പറഞ്ഞിരുന്നു.

ഈ മാസം മൂന്നിനാണ് പനമ്പിള്ളിനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.