തിരുവനന്തപുരം: കേരളത്തിൽ നിന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി ഭാരവാഹികൾ, ,പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.
മേയ് 17നും 18നുമായി സംഘം ഡൽഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികൾ ധാരാളമുള്ള സ്ഥലമാണ് ഡൽഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യകുമാർ, നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഉദിത് രാജ്, ചാന്ദ്നി ചൗക്കിൽ ജയ്പ്രകാശ് അഗർവാൾ എന്നിവരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കൾ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദർശനം നടത്തി പരമാവധി മലയാളി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കും. കൂടാതെ കുടുംബസംഗമം ഉൾപ്പെടെ വിളിച്ച് ചേർത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടർന്ന് കേരളത്തിലേക്ക് മടങ്ങും.