
തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള ചർച്ചയിലാണ് ഇപ്പോൾ ആരാധക ലോകം. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടതോടെയാണ് ആരാധകർ ചർച്ചയാരംഭിച്ചിരിക്കുന്നത്.'പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുളള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു' എന്നായിരുന്നു പ്രഭാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
താരം വിവാഹിതനാകാൻ പോകുന്നുവെന്നും ഉടൻ തന്നെ വധുവിന്റെ പേര് വെളിപ്പെടുത്തുമെന്ന തരത്തിലുളള വാർത്തകളാണ് പുറത്തുവരുന്നത്. പ്രഭാസിന്റെ ഫാൻ പേജുകളിലും വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ സ്റ്റോറി വെറും പ്രാങ്കാണെന്നും ചിലർ പറയുന്നുണ്ട്. പുതിയ സിനിമയുടെ പ്രമോഷനായിരിക്കുമെന്നാണ് മറ്റുചിലർ പറയുന്നത്. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.
രാജമൗലി സംവിധാനം ചെയ്ത ബാഹുബലി റിലീസ് ചെയ്തതിന് പിന്നാലെയാണ് പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നത്. പ്രഭാസും അനുഷ്കാ ഷെട്ടിയും പ്രണയത്തിലാണെന്ന പ്രചാരണവും വന്നിരുന്നു. തുടർന്ന് ഇരുവരും പ്രണയം നിഷേധിച്ച് രംഗത്തെത്തിയതോടെയാണ് ഗോസിപ്പുകൾ അവസാനിച്ചത്. ഈ വർഷമെങ്കിലും താരം വിവാഹിതനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ജൂണ്‍ 27-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസിനെ കൂടാതെ കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പഠാനി, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.